“വിക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര ബന്ധം;കേരളത്തിലേക്കുമാത്രം കടത്തിയത്‌ കിലോക്കണക്കിന്‌ എം.ഡി.എം.എ

Share our post

തൃശൂർ: പുഴയ്‌ക്കൽ മയക്കുമരുന്ന്‌ കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന്‌ ഇതുസംബന്ധിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വിക്കീസ്‌ ഗ്യാങി’ന്‌ ദക്ഷിണേന്ത്യയിലാകെ എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക്ക്‌ മയക്കുമരുന്ന്‌ വിതരണ ശൃംഖലയുണ്ട്‌. റിമാൻഡിലുള്ള പ്രതിയെ അടുത്ത ദിവസം പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും. വിക്രമിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്നിന്റെ ഉറവിടമടക്കം ശൃംഖലയുടെ കൂടുതൽ വിവരം ലഭിക്കും. ലഹരികടത്തുകേസിൽ ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്ന വിക്രം ജാമ്യത്തിലിറങ്ങിയശേഷം ജയിലിൽ പരിചയപ്പെട്ട ലഹരി കേസ്‌ പ്രതികളുമായി ചേർന്ന്‌ വിക്കീസ് ഗ്യാങ്‌ ആരംഭിച്ചു.

അമ്പതോളം പേർ പ്രവർത്തിക്കുന്ന സംഘത്തിലെ അഞ്ചുപേർക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയൂ. വിക്രമിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസാണ്‌ കേരളത്തിൽ ഗ്യാങിന്റെ തലവൻ. ഇയാളാണ്‌ കേരളത്തിലേക്കുള്ള മയക്കുമരുന്ന്‌ കടത്ത്‌ നിയന്ത്രിക്കുന്നത്‌. ബംഗളൂരുവിൽ നിന്ന്‌ തൃശൂരിലും ഗുരുവായൂരിലും എത്തിച്ച ശേഷം കൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേക്ക്‌ ചെറുകിട വിതരണക്കാർ വഴി എത്തിക്കുന്നതാണ്‌ രീതി. ചില സിനിമ ലൊക്കേഷനുകളിലും കൊച്ചിയിൽ ഡിജെ പാർട്ടിക്കും ഈ സംഘം എം.ഡി.എം.എ എത്തിച്ച്‌ നൽകിയിട്ടുണ്ട്‌. ഒരു വർഷത്തിനിടയിൽ കിലോക്കണക്കിന്‌ എം.ഡി.എം.എയാണ്‌ ഈ സംഘം കേരളത്തിലേക്ക്‌ മാത്രം കടത്തിയത്‌. വെള്ള ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയാണ്‌ കേരളത്തിലേക്ക്‌ എത്തുന്നതിൽ അധികവും. കേരളത്തിലേക്കുള്ള മയക്കുമരുന്ന്‌ എത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളും പൊലീസ്‌ നിരീക്ഷണത്തിലാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!