കണ്ണൂരിൽ കരുത്ത് കാട്ടി കെ.സുധാകരൻ; ഇടതു കോട്ടകളും പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂരിൽ സിറ്റിംഗ് എം.പിയായ കെ.സുധാകരന് മികച്ച വിജയം. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ. സുധാകരൻ ഭൂരിപക്ഷം നേടി.പോസ്റ്റൽ വോട്ടിൽ മുന്നേറിയെങ്കിലും മറ്റൊരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന് ലീഡ് നിലയിൽ മുന്നിട്ട് നിൽക്കാൻ കഴിഞ്ഞില്ല. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർഥി രഘുനാഥ് യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.