പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് ആയിരം രൂപ പിഴയും ഇംപോസിഷനും ശിക്ഷ

Share our post

ഇടുക്കി: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷാ നടപടി.’ ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇത്രയും വലിയ തുക അടയ്ക്കാന്‍ ശേഷിയില്ലെന്ന് സൂചിപ്പിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പിഴ പത്തിലൊന്നായി വെട്ടിക്കുറച്ചതും പകരം മാലിന്യ പരിപാലന സന്ദേശം എഴുതിപ്പിച്ചതും. വിദ്യാര്‍ഥികള്‍ ബൈക്കിലെത്തി മാലിന്യം തള്ളിയത് കണ്ടയാള്‍ ഈ പ്രവൃത്തി വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ജില്ലാ ഹരിത കേരളം മിഷന്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തത്. നൂറിലേറെ കുടുംബങ്ങള്‍ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന ജല സ്രോതസിന് സമീപമാണ് വിദ്യാര്‍ഥികള്‍ മാലിന്യം തള്ളിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!