കണ്ണ് തെറ്റരുത് കണ്ണവം റോഡിൽ അപകടമുണ്ടാക്കും ഈ ഹമ്പ്

ചിറ്റാരിപ്പറമ്പ് : വാഹനാപകടങ്ങൾ ഒഴിവാക്കാനും റോഡിലെ ഗതാഗത നിയന്ത്രണത്തിനുമായി കണ്ണവം റോഡിൽ നിർമിച്ച ഹമ്പ് അപകടക്കെണിയായി മാറി. കണ്ണവം പുതിയ പാലത്തുനിന്ന് എടയാർ ഭാഗത്തേക്കുള്ള റോഡിലെ ഹമ്പാണ് വാഹനയാത്രക്കാർക്ക് അപകടഭീഷണിയായത്. ഗതാഗതനിയന്ത്രണത്തിനായി നടപ്പാക്കിയ സംവിധാനംതന്നെ അപകടമുണ്ടാക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. റോഡിലെ ഹമ്പ് ശ്രദ്ധയിൽപ്പെടാത്തതിനാൽ ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നു.
സൂചനാബോർഡോ വരയോ റിഫ്ലക്ടറോ ഇല്ലാത്തതാണ് ഇതിന് കാരണം. വേഗത്തിൽ വരുന്ന വലിയ വാഹനങ്ങൾ പെട്ടെന്ന് ഹമ്പ് കടക്കുമ്പോൾ വാഹനത്തിനുള്ളിലുള്ള യാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. റോഡിൽ ഹമ്പുള്ളത് അറിയാതെ രാത്രി ഇതുവഴി വരുന്ന ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഹമ്പിൽ കയറി നിയന്ത്രണംവിട്ട് യാത്രക്കാർ തെറിച്ചുവീണ് അപകടത്തിൽപ്പെടുന്നു. വാഹനങ്ങൾക്കും കേടുപാടുണ്ടാകുന്നു. രാത്രി വൈകിയുണ്ടാകുന്ന അപകടത്തിൽപ്പെടുന്നവരെ പിറകിൽ വരുന്ന വാഹനയാത്രക്കാരാണ് ആസ്പത്രിയിലെത്തിക്കുന്നത്. അശാസ്ത്രീയ രീതിയിൽ നിർമിച്ച ഹമ്പ് ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.