ഡിജിറ്റല്‍ പഠനാനുഭവവുമായി ‘സമഗ്ര പ്ലസ്’ പോർട്ടൽ

കൊച്ചി : പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്കരിച്ച ‘സമഗ്ര പ്ലസ്’ പതിപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എറണാകുളം എളമക്കര ഗവ. എച്ച്.എസ്.എസിൽ ഉദ്‌ഘാടനം ചെയ്തു. പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലേക്കായി കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസിലൂടെ പുതിയ ഡിജിറ്റൽ പഠനാനുഭവം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് സ്വയം വിലയിരുത്തലിനെയും സ്വയം പഠനത്തിനും സഹായിക്കുന്ന പ്രത്യേക ‘പഠനമുറി’ സംവിധാനമാണ് സമഗ്ര പ്ലസിലെ സവിശേഷത. കുട്ടിക്ക് കൈത്താങ്ങാകാൻ രക്ഷിതാക്കളെയും സഹായിക്കുന്നതാണ് ഇതിലെ പ്രവർത്തനങ്ങളും ഡിജിറ്റൽ വിഭവങ്ങളും. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ പ്രസന്റേഷനുകൾ, വർക്‌ഷീറ്റുകളും എന്നിവ അധ്യാപകരുടെ ലോഗിനിൽ ലഭ്യമാകും. കുട്ടിയെ വിലയിരുത്തി പിന്തുണ നൽകുന്നതിനൊപ്പം തുടർപഠനത്തിനുള്ള വിഭവങ്ങളും ചോദ്യബാങ്കുകളും അധ്യാപകർക്ക് ലഭ്യമാകും. ചെറുവീഡിയോകളും ലഭിക്കും.
പോർട്ടലിൽ ഒൻപതാം ക്ലാസിലേക്കുള്ള ആദ്യപാഠങ്ങളുടെ ഡിജിറ്റൽ വിഭവങ്ങൾ ലഭ്യമായിത്തുടങ്ങിയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. മറ്റു ക്ലാസുകളിലേക്കുള്ള വിഭവങ്ങളും ജൂൺ മാസത്തോടെ പൂർത്തിയാക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പ്ലസ് പോർട്ടലിൽ www.samagra.kite.kerala.gov.in ലഭ്യമാണ്.