പഠിപ്പൊരുത്സവം; 40 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Share our post

കൊച്ചി : പുതിയ അധ്യയന വർഷത്തിൽ 39.95 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌. പ്രീ പ്രൈമറിയിൽ 1,34,763, പ്രൈമറിയിൽ 11,59,652, അപ്പർ പ്രൈമറിയിൽ 10,79,019, ഹൈസ്കൂളിൽ 12,09,882, ഹയർ സെക്കൻഡറി രണ്ടാം വർഷത്തിലേക്ക്‌ 3,83,515, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷത്തിലേക്ക്‌ 28,113 എന്നിങ്ങനെയാണ്‌ കുട്ടികളുടെ എണ്ണം. സർക്കാർ മേഖലയിൽ 11,19,380, എയ്‌ഡഡിൽ 20,30,091, അൺ എയ്‌ഡഡിൽ 2,99,082 കുട്ടികളുമാണുള്ളതെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. ക്ലാസുകൾ 24ന്‌ തുടങ്ങും. സംസ്ഥാനത്തെ കോളേജുകളിൽ ഒന്നാംവർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. ഒന്ന്‌, അഞ്ച്‌, എട്ട്‌ ക്ലാസുകളിൽ ഇനിയും കുട്ടികൾ ചേരാനുണ്ട്. അതുകൊണ്ട്‌ ഒന്നുമുതൽ പത്തുവരെയുള്ള ആകെ കുട്ടികളുടെ എണ്ണം രണ്ടാം വാരത്തിലും ഹയർ സെക്കൻഡറി ഉൾപ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം മാസാവസാനവും മാത്രമേ ലഭ്യമാകൂ. ഒന്നാം ക്ലാസിൽ ഇതുവരെ 2,44,646 കുട്ടികൾ ചേർന്നു. അധ്യയനവർഷം ആരംഭിക്കുംമുമ്പേ അധ്യാപകർക്ക്‌ നിർമിത ബുദ്ധിയിലടക്കം പരിശീലനം നൽകിയതായി മന്ത്രി പറഞ്ഞു.

അനധികൃത പി.ടി.എ പിരിവ്‌ അനുവദിക്കില്ല. പട്ടികജാതി–വർഗ വിഭാഗക്കാർ പി.ടി.എ അംഗത്വ ഫീസ്‌ നൽകേണ്ടതില്ല. സർക്കാർ സ്‌കൂളുകളിൽ ചേരുന്ന കുട്ടികൾക്ക്‌ ടി.സി ആവശ്യമില്ല. അനധികൃത ഫീസ്‌ പിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അംഗീകാരമുള്ള സ്‌കൂളുകൾക്കേ പ്രവർത്തിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!