ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് അശ്ലീല മെസേജ്; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

ഏലൂര്‍(എറണാകുളം): ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പേരില്‍ അശ്ലീല മെസേജ് അയച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. ഏലൂര്‍ പാതാളത്ത് താമസിക്കുന്ന നിലമ്പൂര്‍ മുതുകുറ്റി വീട്ടില്‍ സല്‍മാന്‍ ഫാരിസ് (29), ചെങ്ങന്നൂര്‍ കാഞ്ഞിര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ജെസ്വിന്‍ (18), കുമളി കുഞ്ചത്തൊടി വീട്ടില്‍ അഭിജിത്ത് (27) എന്നിവരാണ് ഏലൂര്‍ പോലീസിന്റെ പിടിയിലായത്. ജെസ്വിന്‍, സല്‍മാന്‍ ഫാരിസ് എന്നിവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചെയ്ത സ്റ്റോറിക്കെതിരേ കോട്ടയം സ്വദേശി അക്ഷയ്, ജെസ്വിന്റെ പേഴ്‌സണല്‍ ഇന്‍സ്റ്റഗ്രാമിലേക്ക് അശ്ലീല മെസേജ് അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ജെസ്വിന്റെ സുഹൃത്ത് സല്‍മാന്‍ ഫാരിസ് അക്ഷയിന്റെ ബന്ധുക്കളെ വിളിച്ച് 20 ലക്ഷം രൂപ തന്നില്ലെങ്കില്‍ അക്ഷയിനെ കേസില്‍ പെടുത്തുമെന്നു പറഞ്ഞു. തുക പിന്നീട് അഞ്ച് ലക്ഷമാക്കി. രണ്ട് ലക്ഷം രൂപ ഇവരുടെ സുഹൃത്തായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അക്ഷയിന്റെ സഹോദരി സ്വര്‍ണംവിറ്റ് അയച്ചുകൊടുത്തു. ബാക്കി മൂന്നു ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അക്ഷയിന്റെ ബന്ധുക്കള്‍ ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഏലൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ സിബി ടി. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.