പഠനം എളുപ്പമാക്കാൻ അക്ഷരമാലയും പുതിയ ലിപിയും

Share our post

തിരുവനന്തപുരം: വായന എളുപ്പമാക്കുന്നതിനൊപ്പം കുട്ടികൾക്ക് അക്ഷരം പരിചയപ്പെടുത്തി പുതിയ പാഠപുസ്തകങ്ങൾ. നീണ്ട ഇടവേളയ്‌ക്കുശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം പരി​ഗണിച്ച് ഒന്നാംക്ലാസ് പാഠപുസ്തകത്തിൽ അക്ഷരമാല തിരികെയെത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്-സി.ഇ.ആർ.ടി ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയത്. തെറ്റില്ലാതെ എഴുതാനും വായിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം. പരിഷ്കരിച്ചിറങ്ങുന്ന 1, 3, 5, 7, 9 ക്ലാസിലെ പാഠപുസ്തകങ്ങളുടെ ലിപിയിലും വിന്യാസത്തിലും ഇത്തവണ മാറ്റമുണ്ട്. പഴയരീതിയിലുള്ള കൂട്ടക്ഷരങ്ങൾ തിരികെ കൊണ്ടുവരുന്ന ലിപി പരിഷ്കരണമാണ് നടപ്പാക്കിയത്.

വരികൾക്കിടയിലെ അകലത്തിലും അക്ഷരങ്ങളുടെ വലിപ്പത്തിലും മാറ്റം പ്രകടമാണ്. വ്യഞ്ജനങ്ങളോട് സ്വരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും എണ്ണം കുറച്ച പാഠപുസ്തകത്തിൽ 90 ലിപികളാണ് ഉപയോഗിച്ചിരിക്കുന്നത്. സി ഡിറ്റ് തയ്യാറാക്കിയ തുമ്പ എന്ന ഫോണ്ടാണ് ഉപയോ​ഗിക്കുന്നത്. ഇൻഡിസൈൻ സോഫ്റ്റ്-വെയർ‌ ഉപയോ​ഗിച്ചാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്‌. ചീഫ് സെക്രട്ടറിയായിരുന്ന വി .പി ജോയ് അധ്യക്ഷനായി 2021ൽ ഔദ്യോഗിക ഭാഷാ പരിഷ്‌കരണ സമിതിയാണ് ലിപി പരിഷ്കരണത്തിന് ശുപാർശ ചെയ്തത്. മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2, 4, 6, 8, 10 ക്ലാസുകളിൽ നിലവിലുള്ള ലിപിതന്നെ തുടരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!