പ്രൈവറ്റ് ബസുകളില്‍ നിന്ന് പിടിച്ചെടുത്ത റൂട്ട് അനാഥമാക്കില്ല; 200 പുതിയ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സ്വകാര്യബസുകാരില്‍ നിന്നും ഏറ്റെടുത്ത 241 ദേശസാത്കൃത പാതകളില്‍ ആവശ്യത്തിന് ബസ് ഓടിക്കാതെ യാത്രക്കാരെ വലയ്ക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിനായി മാത്രം 200 പുതിയ ബസുകള്‍ വാങ്ങും. ആദ്യഘട്ടത്തിലെ 40 ബസുകള്‍ കോട്ടയം-കുമളി പാതയിലാകും ഇറക്കുക. 33 ലക്ഷം വിലയുള്ള 40 സീറ്റ് ബസുകളാണ് വാങ്ങുന്നത്. സ്വകാര്യബസുകളില്‍ നിന്നും ഏറ്റെടുത്ത പാതകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. പലതവണ പിന്‍മാറിയിട്ടുണ്ട്. പലവിധ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണിത്. കോര്‍പ്പറേഷന്‍ കൃത്യമായി ബസ് ഓടിക്കാത്തതിനാല്‍ സ്വകാര്യബസുകളെ തുടരാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുവദിക്കാറാണ് പതിവ്.
ഇത്തവണ അതുണ്ടാകില്ലെന്നും പുതിയ ബസുകള്‍ ഇറക്കുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുന്നത്. സുപ്രീംകോടതിവരെനീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ലഭിച്ച റൂട്ടുകളില്‍ ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന സ്വകാര്യബസുകളെയും ഇതേ പാതയില്‍ 140 കിലോമീറ്ററിനുള്ളില്‍ ഓര്‍ഡിനറി ബസുകളായി ഓടിക്കാന്‍ കോടതി അനുമതിനല്‍കിയിരുന്നു. ഇവയുമായി മത്സരിച്ചോടുന്നത് ലാഭകരമല്ലാത്തതിനാല്‍ പലറൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി. പിന്‍വാങ്ങി. 241 റൂട്ടുകളില്‍ 200-ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ബസുകളുള്ളത്. ബസ് ഇല്ലാത്ത പാതകളിലെ പരാതി തീര്‍ക്കാന്‍ പുതിയ ബസുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉള്‍പ്രദേശങ്ങളിലേക്ക് മിനിബസുകള്‍ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.