മത്സരയോട്ടം വേണ്ടെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരോട് മന്ത്രി

തിരുവനന്തപുരം : സുരക്ഷിതമായി ബസ് ഓടിക്കണമെന്നും സ്വകാര്യബസ്സടക്കം മറ്റ് വാഹനങ്ങളുമായി മത്സരയോട്ടം വേണ്ടെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരോട് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വെള്ളിയാഴ്‌ച ചെയ്‌ത ഓൺലൈൻ വീഡിയോയിലായിരുന്നു നിർദേശം.
‘എനിക്ക് ചിലത് പറയാനുണ്ട്’ എന്ന പേരിൽ മന്ത്രി നടത്തുന്ന വീഡിയോയുടെ രണ്ടാം ഭാഗമാണ് കെ.എസ്.ആർ.ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തത്. യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർത്തണം. സമയത്തിനെത്തുമെന്ന് വിശ്വാസമുണ്ടായാൽ കൂടുതൽ ആളുകൾ കയറും. വരിയായി വണ്ടി ഓടിക്കരുത്. ആളുകൾ കയറിയെന്ന് ഉറപ്പാക്കിയശേഷമേ വണ്ടി എടുക്കാവൂ. സ്‌കൂട്ടർ യാത്രികർ, ചെറിയ വാഹനങ്ങൾ എന്നിവരെ പരിഗണിക്കണം. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രീത്ത് അനലൈസർ പരിശോധന ആരംഭിച്ചശേഷം കെ.എസ്.ആർ.ടി.സി ബസ് വഴിയുള്ള അപകടങ്ങൾ വലിയളവിൽ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഒരാഴ്‌ചയിൽ അഞ്ചുമുതൽ ഏഴുവരെ മരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഇടിച്ച് ഉണ്ടായിരുന്നത്.
പരിശോധന തുടങ്ങിയശേഷം ഇത് രണ്ടും ഒന്നുമായി കുറഞ്ഞിട്ടുണ്ട്. ആകെയുള്ള അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ആഴ്‌ചയിലെ 35 അപകടം 25 ആയി കുറഞ്ഞതായും മന്ത്രി പറഞ്ഞു. മൊബൈലിൽ സംസാരിച്ച് ബസ് ഓടിക്കരുത്, ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. ബസ് നിർത്തുമ്പോൾ ഇടതുവശത്ത് മാത്രമായിരിക്കണം. എതിർവശത്ത് വരുന്ന ബസുമായി സമാന്തരമായി നിർത്തരുതെന്നും മന്ത്രി വീഡിയോയിൽ പറഞ്ഞു.