ജീവനക്കാർക്ക് ഇനി ‘ജീവാനന്ദം’; ശമ്പളവിഹിതം പിടിക്കും, പെന്‍ഷന്‍ കാലത്ത് മടക്കി നല്‍കും

Share our post

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം പിടിച്ച് ‘ജീവാനന്ദം’ എന്നപേരിൽ ആന്വിറ്റി സ്‌കീം നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ജീവനക്കാർ വിരമിച്ചു കഴിയുമ്പോൾ മാസംതോറും നിശ്ചിത തുക തിരികെ നൽകുംവിധം പദ്ധതി ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാർക്കായി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്ന ഈ ആന്വിറ്റി സ്‌കീം സംസ്ഥാന ഇൻഷുറൻസ് വകുപ്പു വഴി നടപ്പാക്കാനാണ് തീരുമാനം. ഇതിൻ്റെ രൂപരേഖ തയ്യാറാക്കിനൽകാൻ ഇൻഷുറൻസ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടു.

സർക്കാരിന് കോടികൾ കൈയിൽ

നിലവിൽ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരിൽ നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻകാരിൽ നിന്ന് 10 ശതമാനത്തിൽ കുറയാത്ത തുക പെൻഷൻ ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പി.എഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാർ നൽകുന്നുണ്ട്. ഇതിനു പുറമേയാണ് ജീവാനന്ദത്തിനായി ശമ്പള വിഹിതം പിടിക്കുക. ശമ്പളത്തിന്റെ പത്തുശതമാനം വീതം ഈടാക്കിയാൽ പോലും പ്രതിമാസം കോടികൾ സർക്കാരിന് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനാകും. ആന്വിറ്റി സ്ക‌ീം ആവിഷ്‌കരിക്കുമ്പോൾ ജീവനക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്നത് വ്യക്തമല്ല. രൂപരേഖ തയ്യാറാകുന്നതോടെ മാത്രമേ ഇക്കാര്യം അറിയാനാവൂ.

പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭത്തിന്

അതേസമയം ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു. പദ്ധതിയെ എതിർത്ത് പ്രക്ഷോഭം സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!