കീം പരീക്ഷാ സമയം മാറ്റി

തിരുവനന്തപുരം : ഈ വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കീം പരീക്ഷാ സമയം മാറ്റി. എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ അഞ്ച് മുതൽ ഒൻപത് വരെ പകൽ രണ്ട് മുതൽ അഞ്ച് വരെയായിരിക്കും നടക്കുക. മുമ്പ് രാവിലെ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചത്. പുതുക്കിയ സമയപ്രകാരം എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ളവരുടെ റിപ്പോർട്ടിങ് സമയം പകൽ 11.30 മുതൽ 1.30 വരെയായി നിശ്ചയിച്ചു. ജൂൺ ആറിന് നടത്തുമെന്ന് അറിയിച്ചിരുന്ന ഫാർമസി കോഴ്സിലേയ്ക്കുള്ള പരീക്ഷ പത്തിലേക്ക് മാറ്റി. വൈകിട്ട് 3.30 മുതൽ അഞ്ച് വരെയായിരിക്കും നടക്കുക. ഇതിനായുള്ള റിപ്പോർട്ടിങ് സമയം പകൽ ഒന്നുമുതൽ 3 വരെയാണ്. വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് പോർട്ടലിൽ പുതിയ ഹാൾടിക്കറ്റ് ലഭ്യമാക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.