ഇനി നിർമിതബുദ്ധി പഠിക്കാം; സംസ്ഥാനത്ത് എ.ഐ പഠനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലുലക്ഷത്തിലധികംവരുന്ന വിദ്യാർഥികൾ പുതിയ അധ്യയന വർഷം നിർമിത ബുദ്ധിയും പഠിക്കും. ഐ.സി.ടി (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി) പാഠപുസ്തകത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന എ.ഐ പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് “കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യായം വിഭാവനം ചെയ്തിരിക്കുന്നത്. ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് ഭാവങ്ങൾവരെ ഈ പ്രോഗ്രാം ഉപയോഗിച്ച് തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എ.ഐ പഠിക്കാൻ അവസരം ലഭിക്കുന്നത്.ഇത്തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി പുസ്തകങ്ങളെത്തുന്നത്. പ്രോഗ്രാമിങ്, എ.ഐ, റോബോട്ടിക്സ് തുടങ്ങിയവ പരിശീലിക്കാൻ “പിക്റ്റോ ബ്ലോക്‌സ്’ പാക്കേജാണ് പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനാവശ്യമായ മുഴുവൻ സോഫ്‍റ്റ്‍വെയറുകളും സ്കൂളുകളിലെ ലാപ്‍ടോപ്പുകളിൽ കൈറ്റ് ലഭ്യമാക്കും.
ഒന്ന്, മൂന്ന് ക്ലാസുകളിലേക്കുള്ള പാഠപുസ്തകത്തിൽ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്നിടെക്സ്, ടക്സ്പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ, മാലിന്യ നിർമാർജനം തുടങ്ങിയവ ഗെയിമുകളിലൂടെയും പരിചയപ്പെടുത്താൻ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ, വേസ്റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളുമുണ്ട്. സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയൽ തുടങ്ങിയവയ്ക്ക് മാർഗനിർദേശം നൽകുന്ന തരത്തിലാണ് പുതിയ പുസ്തകങ്ങൾ തയ്യാറാക്കിയതെന്ന് ഐ.സി.ടി പാഠപുസ്തക സമിതി ചെയർമാനും കൈറ്റ് സിഇഒയുമായ കെ അൻവർ സാദത്ത് പറഞ്ഞു. പാഠപുസ്തകം സംബന്ധിച്ച് ജൂൺമുതൽ മുഴുവൻ പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകും. എ.ഐ പരിശീലനം ഇതുവരെ 20,120 അധ്യാപകർ പൂർത്തിയാക്കി. അടുത്ത വർഷം രണ്ട്, നാല്, ആറ്, എട്ട്, ഒമ്പത്, 10 ക്ലാസുകളിലും പുതിയ ഐ.സി.ടി പാഠപുസ്തകങ്ങൾ വരും.