ഇന്ത്യയില്‍ ക്യാൻസർ രോഗം ബാധിക്കുന്നത് കൂടുതലും യുവാക്കളെ

ഇന്ത്യയില്‍ ക്യാൻസർ ബാധിക്കുന്നത് ആരെയാണെന്ന പഠനത്തിന്റെ റിപ്പോർട്ടുകള്‍ പുറത്ത്. രാജ്യത്തെ ക്യാൻസർ കേസുകളില്‍ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരില്‍ ആണെന്ന് കണ്ടെത്തി. ഇതുപ്രകാരം ഇന്ത്യയില്‍ ക്യാൻസർ കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയാണെന്ന് സ്ഥിരീകരിച്ചു. ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 60 ശതമാനവും പുരുഷന്മാരാണ് ക്യാൻസർ ബാധിതർ. മാർച്ച് 1-നും മെയ് 15-നും ഇടയില്‍ നടത്തിയ പഠനത്തില്‍ രാജ്യത്തുടനീളമുള്ള 1,368 ക്യാൻസർ രോഗികളെയാണ് പങ്കെടുപ്പിച്ചത്. കേസുകളില്‍ 27 ശതമാനവും ക്യാൻസറിന്‍റെ 1, 2 ഘട്ടങ്ങളിലാണ് കണ്ടെത്തിയത്. 63 ശതമാനം ക്യാൻസറും കണ്ടെത്തിയത് മൂന്ന് അല്ലെങ്കില്‍ നാല് ഘട്ടങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്ത് ഭാരത് ക്യാമ്പയിനിന്റെ പഠന റിപ്പോർട്ട് പ്രകാരം തലയിലും കഴുത്തിലും ബാധിക്കുന്ന ക്യാൻസറാണ് കൂടുതല്‍ കണ്ടെത്തിയത്, 26 ശതമാനം. വൻകുടല്‍, ആമാശയം, കരള്‍, ദഹനനാളത്തിലെ ക്യാൻസർ എന്നിവ ബാധിച്ചവർ 16 ശതമാനമാണ്. സ്തനാർബുദ രോഗികള്‍ 15 ശതമാനവുമാണ്.
അനാരോഗ്യകരമായ ജീവിത ശൈലിയാണ് യുവാക്കളില്‍ ക്യാൻസർ ബാധ വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് ക്യാൻസർ മുക്ത് ഭാരത് ക്യാമ്പയിനിന്‍റെ തലവൻ ആശിഷ് ഗുപ്ത പറയുന്നു. പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റം, കൂടുതല്‍ പ്രോസസ് ചെയ്ത ഭക്ഷണത്തിന്‍റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയർന്ന ക്യാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാൻസർ വന്നാല്‍ തുടക്കത്തില്‍ അറിയണമെന്നില്ല. എല്ലാവരെയും ഭയപ്പെടുത്തുന്ന രോഗമാണ് ക്യാൻസർ. ഇപ്പോള്‍ ഒരു ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ക്യാൻസർ വ്യാപിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. പലപ്പോഴും ക്യാൻസർ ശരീരത്തില്‍ വരുന്നത് അറിയുക പോലുമില്ല ഒരു വയറു വേദന വന്നാല്‍ അതിനെ വേണ്ടത്ര ഗൗരവത്തില്‍ കാണാതെ വേദന സംഹാരികളോ മറ്റോ കഴിച്ച് അത് മാറ്റാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ചെറിയ വയറു വേദനയിലൂടെ നമ്മള്‍ രോഗത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം മാത്രം ചികിത്സ നടത്താന്‍ ശ്രമിക്കുക.