സ്‌കൂളിന് 30,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കി പ്രഥമാധ്യാപികയുടെ പടിയിറക്കം

മണ്ണഞ്ചേരി (ആലപ്പുഴ): എട്ടുവര്‍ഷം ഗവ. ഹൈസ്‌കൂളിനെ നയിച്ചശേഷം പ്രഥമാധ്യാപിക സുജാതകുമാരി വെള്ളിയാഴ്ച ജോലിയില്‍നിന്നു വിരമിക്കും. ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങളുടെ പട്ടിക സ്‌കൂളിനു നല്‍കിയശേഷമാണു പടിയിറക്കം.സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു പൊതുവിദ്യാലയത്തില്‍ കുട്ടികള്‍ക്കു കളിക്കാന്‍ ടര്‍ഫ് സ്ഥാപിച്ചു. 1,500-ഓളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് സുജാതകുമാരി എത്തിയത്.ഇപ്പോള്‍ 2,560 കുട്ടികളായി. അധികം പേര്‍ കയറാതിരുന്ന സ്‌കൂള്‍ലൈബ്രറിയില്‍ ഇന്ന് പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്.
അവ വായിക്കാന്‍ കുട്ടികളും.കുട്ടികള്‍ വായിച്ചുതന്നെ വളരണമെന്നതാണ് ടീച്ചറുടെ പക്ഷം. പടിയിറക്കത്തിനു മുന്നോടിയായി 170 പുസ്തകങ്ങളാണ് ടീച്ചര്‍ വ്യാഴാഴ്ച ലൈബ്രറിയിലേക്കായി വാങ്ങിയത്. മാതൃഭൂമി ബുക്‌സിന്റെ ആലപ്പുഴ യൂണിറ്റിലെത്തി 30,000 രൂപ ഇതിനായി ചെലവിട്ടു.ടീച്ചര്‍ക്കൊപ്പം സഹോദരനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാറും 10 പുസ്തകങ്ങള്‍ സ്‌കൂളിനു സംഭാവന നല്‍കി. കുട്ടികള്‍ പുസ്തകങ്ങളിലൂടെ തങ്ങളെ ഓര്‍ക്കട്ടെയെന്നാണ് ടീച്ചര്‍ പറയുന്നത്.