മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

മാഹി: പുതിയ മാഹി ബൈപാസ് സിഗ്നൽ കവലയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതൽ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽ നിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു.
സ്‌കൂൾ വാഹനങ്ങൾ, വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങൾ എന്നിവ ബൈപാസ് ഹൈവേയിൽ പ്രവേശിക്കരുത്. ഈ വാഹനങ്ങൾ സർവിസ് റോഡുകൾ വഴി മറ്റ് റോഡുകളിൽ എത്തണമെന്ന് റീജനൽ അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. മാഹി ഗവ. ഹൗസിൽ മാഹി എം.എൽ.എ രമേശ് പറമ്പത്തിൻ്റെ സാന്നിധ്യത്തിൽ റീജനൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിലാണ് തീരുമാനം.