വ്യാജരേഖ ചമച്ച് ഏഴുകോടി തട്ടി; സപ്ലൈകോ മുന്‍ അസിസ്റ്റന്റ് മാനേജര്‍ കസ്റ്റഡിയിൽ

കൊച്ചി : സപ്ലൈകോയുടെ വ്യാജരേഖകൾ നിർമിച്ച് ഏഴുകോടി രൂപ തട്ടിയെടുത്ത മുൻ അസിസ്റ്റന്റ് മാനേജർ കസ്റ്റഡിയിൽ. സപ്ലൈകോ കടവന്ത്ര ഓഫീസിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. സപ്ലൈകോ ബ്രാൻഡഡ് പ്രോഡക്ട്‌സ് മാനേജർ തൃശൂർ സ്വദേശി ജയ്‌സൺ ജേക്കബ്ബിന്റെ പരാതിയിലാണ് നടപടി. സപ്ലൈകോയുടെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ച് പർച്ചേസ് ഓർഡർ ഉണ്ടാക്കിയും ജി.എസ്.ടി നമ്പർ ദുരുപയോഗം ചെയ്തുമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമച്ചതിന് ഐ.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തട്ടിപ്പിൽ സപ്ലൈകോ കടവന്ത്ര ഔട്ട്‌ലെറ്റിലെ മറ്റു ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
എട്ട് വർഷം മുൻപാണ് സതീഷ് ചന്ദ്രൻ സപ്ലൈകോയിൽ നിന്ന് വിരമിച്ചത്. 2023 നവംബർ രണ്ടിനും കഴിഞ്ഞ ജനുവരി പത്തിനുമാണ് പ്രതി ഉത്തരേന്ത്യയിലെ കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതിന് സപ്ലൈകോയുടെ വ്യാജരേഖ ഉപയോഗിച്ചത്. മുംബൈ ജീവാ ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ് എംപയർ, രാജസ്ഥാനിലെ പട്ടോടിയ ബ്രദേഴ്‌സ് എന്നീ മൂന്നു കമ്പനികളിൽനിന്ന് ചോളം വാങ്ങാനായിരുന്നു ഇത്. സപ്ലൈകോയുടെ രണ്ട് ഔദ്യോഗിക മെയിൽ ഐഡികളും ജി.എസ്.ടി നമ്പറും ഇതിനായി ഉപയോഗിച്ചു. വ്യാജ പർച്ചേസ് ഓർഡറാണ് ഇതിലൂടെ കൈമാറിയത്. ഇത്തരത്തിൽ വാങ്ങിയ ചോളം മറിച്ചുവിറ്റ് ഏഴുകോടി രൂപയോളം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. വ്യാജരേഖ ഉപയോഗിച്ചുള്ള ഇടപാടിന്റെ ബില്ലുകൾ സപ്ലൈകോയുടെ ജി.എസ്.ടി അക്കൗണ്ടിൽ എത്തി. തുടർന്ന് സപ്ലൈകോ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.