ലൈംഗികാതിക്രമക്കേസ്; പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

Share our post

ബെംഗളൂരു: ജർമനിയിലെ മ്യൂണിക്കിൽ നിന്ന് മടങ്ങിയെത്തിയ ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണയെ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്തു. 33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്വല്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നിലധികം ലൈംഗികാതിക്രമ പരാതിയിൽ ആരോപണ വിധേയനായ പ്രജ്വൽ രേവണ്ണ ഇന്ന് പത്തിന് നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ അര്‍ദ്ധരാത്രിയില്‍ ബെംഗളൂരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇതിനിടെ പ്രജ്വലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് വിവരം. അറസ്റ്റിലാകും മുൻപ് ബുധനാഴ്ച പ്രജ്വല്‍ മുൻകൂർ ജാമ്യം തേടിയിരുന്നു. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുക. പ്രജ്വലിനെ ബെംഗളൂരുവിൽ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ വിലയിരുത്തി.

ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ ഏപ്രിൽ 26നാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നത്. പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പിന്നാലെ പ്രജ്വലിനെ ജെ.ഡി.എസിൽ നിന്ന് പുറത്താക്കിയിരുന്നു. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ഹാസനനിലെ സിറ്റിംഗ് എം.പി.യായ പ്രജ്വലിന് തന്നെയാണ് ഇത്തവണയും ജെ.ഡി.എസ് സീറ്റ് നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!