മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളിയ വ്യാപാര സ്ഥാപനത്തിന് 5000 രൂപ പിഴ

വേങ്ങാട് : മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളിയ വ്യാപാര സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. മൈലുള്ളിമെട്ട ടൗണിൽ വായനശാലയ്ക്ക് മുൻപിലായി ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ കാണപ്പെട്ടത് പൊതുജനങ്ങളാണ് പഞ്ചായത്തിൽ അറിയിച്ചത്. പഞ്ചായത്ത് വിജിലൻസ് ശുചിത്വ സ്ക്വാഡ് ഹെൽത്ത് ഇൻസ്പെക്ടർ ജെറിൻ ജോണിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ മൈലുള്ളിമെട്ട ടൗണിലെ ടി.പി.എം സ്റ്റോറിലെ മാലിന്യങ്ങളാണ് തരംതിരിക്കാതെ ചാക്കിൽ നിറച്ച് വായനശാലയ്ക്ക് മുൻപിൽ തള്ളിയതെന്ന് കണ്ടെത്തി. തുടർന്ന് സ്ഥാപന ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യുന്നതിന് നിർദേശം നൽകുകയും ചെയ്തു. ഊർപ്പള്ളിയിൽ സ്വന്തം പറമ്പിൽ തന്നെ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് വീട്ടുടമയ്ക്കും നോട്ടിസ് നൽകി. പഞ്ചായത്തിലെ സ്ക്രാപ് ഷോപ്പുകളിൽ പരിശോധന നടത്തുകയും മാലിന്യങ്ങളും വെള്ളവും കെട്ടി നിന്ന് കൊതുക് ജന്യ രോഗങ്ങളുടെ പകർച്ചക്ക് സാധ്യതയുള്ളതുമായ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനും നിർദേശം നൽകി.