രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ; വന്‍ പ്രഖ്യാപനം

Share our post

തിരുവനന്തപുരം: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. പി.വി.ആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് വിവരം. മാര്‍ച്ച് മാസം മുതല്‍ വിവിധ ഭാഷകളിലും ബോളിവുഡ‍ിലും വലിയ റിലീസുകള്‍ ഇല്ലാത്തതിനാല്‍ തീയറ്ററുകള്‍ വലിയ പ്രതിസന്ധിയിലായ അവസ്ഥയിലാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തില്‍ വന്‍ റിലീസുകള്‍ പ്രഖ്യാപിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് തീയറ്റര്‍ സിനിമ വ്യവസായം.

അതിന് മുന്നോടിയായി അളുകളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാനാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത് എന്നാണ് എം.എ.ഐ വൃത്തങ്ങള്‍ പറയുന്നത്.  എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയില്‍ അടക്കം ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകള്‍ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമാ ദിന പരിപാടിയിൽ കുടുംബങ്ങള്‍ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്‌ക്രീനുകളിൽ 50-70 ശതമാനം ഒക്യുപെന്‍സി ലഭിച്ചു. മെയ് 31 ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത് – എം.എ.ഐ പ്രസിഡന്‍റ് കമൽ ജിയാൻചന്ദാനി ബിസിനസ് ലൈനിനോട് പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!