എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് നിർദേശവുമായി എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) തയ്യാറാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി എൻ.സി.ഇ.ആർ.ടി. കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്നതിലൂടെ അർഥമാക്കുന്നത്. എൻ.സി.ഇ.ആർ.ടി.യുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അസസ്‌മെന്റ് സെന്ററാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡിന്റെ രൂപരേഖ തയ്യാറാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്ന്, രണ്ട് ക്ലാസുകളെ ഫൗണ്ടേഷണൽ സ്റ്റേജിലും മൂന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളെ പ്രിപ്പറേറ്ററി സ്റ്റേജിലും ആറ്, ഏഴ്, എട്ട് ക്ലാസുകളെ മിഡിൽ സ്റ്റേജിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമപ്രായക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിലയിരുത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രോഗ്രസീവ് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്. എൻ.സി.ഇ.ആർ.ടി.യും സി.ബി.എസ്.ഇ.യും ചേർന്ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ എച്ച്.പി.സി.യുടെ പ്രാരംഭപരീക്ഷണം നടത്തിയിരുന്നു. വിദ്യാർഥികളുടെ വീട്ടുകാരും സ്കൂളും തമ്മിലുള്ള സുപ്രധാന കണ്ണിയെന്നനിലയിലാകും ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡുകൾ പ്രവർത്തിക്കുക.