അഞ്ചുവർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലേറി അഞ്ച് വർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തമാക്കിയത്. ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചെലവ് വളരെയധികം നിയന്ത്രിക്കാനാകും. മാത്രവുമല്ല, കുട്ടികളുടെ അവധിക്കാലമായ കടുത്ത വേനൽക്കാലത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുകാരണം കുട്ടികൾക്കും ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പ് മറ്റേതെങ്കിലും മാസം നടത്താൻ ആലോചിക്കുമെന്നും അമിത് ഷാ പറഞ്ഞു. യൂണിഫോം സിവിൽ കോഡ് ബി.ജെ.പിയിൽ ചുമത്തപ്പെട്ട ഉത്തരവാദിത്വമാണ്. നിയമ പണ്ഡിതരും ഭരണഘടനാ ശിൽപികളുമായ അംബേദ്കർ, രാജേന്ദ്ര ബാബു, കെ.എം മുൻഷി തുടങ്ങിയവർ പോലും ഇന്ത്യ പോലൊരു മതേതര രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹിക, നിയമ, മതപരമായ വലിയ ഒരു മാറ്റത്തിന് യൂണിഫോം സിവിൽ കോഡ് വഴിതുറക്കുമെന്നാണ് കരുതുന്നത്.