‘സമ്പൂർണ’യിൽ യു.ഐ.ഡി. അസാധു;സ്‌കൂളുകളില്‍ തസ്തിക നഷ്ടത്തിന് സാധ്യത

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ സാധ്യത. വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘സമ്പൂർണ’ സോഫ്റ്റ്‌വേർ പരിശോധിക്കുമ്പോൾ മുൻവർഷം പഠിച്ച ഒട്ടേറെപ്പേരുടെ സാധുവായ യു.ഐ.ഡികൾ ഇപ്പോൾ അസാധുവാണ്. സമ്പൂർണയിൽ തിരുത്തലൊന്നും വരുത്താതെയാണിത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൈറ്റാണ് പരിഹരിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചതെന്ന് എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ പറഞ്ഞു.
വിദ്യാർഥിയുെട ആധാറിലെ പേര്, ലിംഗം, ജനനത്തീയതി എന്നിവ ആധാറുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകമാത്രമാണ് കൈറ്റ് ചെയ്യുന്നതെന്നും ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവായി കാണിക്കുമെന്നുമാണ് കൈറ്റിൽനിന്നുള്ള വിശദീകരണം. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനമായ ജൂൺ 10-ന് വൈകുന്നേരത്തോടെ വിദ്യാർഥികളുടെ എണ്ണം സമ്പൂർണയിൽ നൽകണം. സമ്പൂർണയിൽ നൽകുന്ന കുട്ടികളുടെ സാധുവായ യു.ഐ.ഡി. എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക അനുവദിക്കുക. ജൂൺ പത്തിനകം അസാധുവായ ആധാറുകൾ പുതുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. 2023-2024 അധ്യയനവർഷം സമ്പൂർണയിൽ സാധുവായ യു.ഐ.ഡിയുള്ള മുഴുവൻ കുട്ടികളെയും ഇക്കൊല്ലവും സാധുവായി പരിഗണിച്ച് തസ്തികനിർണയം നടത്തണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.