മസ്‌കറ്റ്-കേരള വിമാന സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നു വരെ നിര്‍ത്തിയതായി എയര്‍ ഇന്ത്യ

Share our post

തിരുവനന്തപുരം: ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെ മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏതാനും സര്‍വീസുകളെ പരസ്പരം ലയിപ്പിച്ചതായും എയര്‍ഇന്ത്യ അറിയിച്ചു. ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സര്‍വീസുകളിലെ മാറ്റം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്ന് വരെ സര്‍വീസുകള്‍ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്‌കറ്റില്‍ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് ഇത്തരത്തില്‍ തടസപ്പെടുക.

മെയ് 29നും 31നുമുള്ള കോഴിക്കോട് മസ്‌കറ്റ് സര്‍വീസുകളും മേയ് 30നും ജൂണ്‍ ഒന്നിനുമുള്ള മസ്‌കറ്റ് കോഴിക്കോട് സര്‍വീസുകളും മേയ് 31-നുള്ള കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ് കണ്ണൂര്‍ സര്‍വീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഒപ്പം ജൂണ്‍ 8,9 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്‌കറ്റിലേക്കുളള രണ്ട് സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും എന്ന നിലയില്‍ ലയിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കുമുള്ള സര്‍വീസുകളും ലയിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്‌കൂള്‍ വേനലവധിയും ബലിപെരുന്നാള്‍ അവധിദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!