ദാക്ഷായണി വേലായുധന്റെ ജീവിതം ഏഴാം ക്ലാസ്‌ പാഠപുസ്തകത്തിൽ

Share our post

കൊച്ചി : ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ പോരാട്ട ജീവിതത്തിന്റെ ലഘുചരിത്രം ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ. നവോത്ഥാന നായകരെക്കുറിച്ചുള്ള പാഠത്തിലാണ് കൊച്ചി മുളവുകാട് ദ്വീപിൽ നിന്ന് ഇന്ത്യയുടെ ഭരണഘടനാ നിർമാണ അസംബ്ലിവരെ എത്തിയ വീരവനിതയുടെ ചിത്രവും പ്രചോദനാത്മകമായ ജീവിത കഥയും ഉൾപ്പെടുത്തിയത്‌.

കഴിഞ്ഞവർഷം ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനം സംസ്ഥാന സർക്കാർ കൊച്ചിയിൽ ആഘോഷിച്ചിരുന്നു. ദാക്ഷായണി വേലായുധന് ഉചിതസ്മാരകം വേണമെന്നും ജീവിതകഥ സ്‌കൂൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം ആഘോഷ പരിപാടിയിൽ ഉയർന്നിരുന്നു. ആ ആവശ്യമാണ് പാഠപുസ്തക പരിഷ്കരണ സമിതി യാഥാർഥ്യമാക്കിയത്‌. എം.ജി സർവകലാശാലയുടെ കീഴിലുള്ള ഓട്ടോണമസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളിൽ രണ്ടാം ഭാഷയായി മലയാളം പഠിക്കുന്നവർക്കായി ഇറക്കിയ പുസ്തകത്തിൽ ദാക്ഷായണി വേലായുധനെക്കുറിച്ച്‌ ഒരു അധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

മുളവുകാട് കല്ലച്ചംമുറി കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും അഞ്ചു മക്കളിൽ നാലാമതായാണ് ദാക്ഷായണിയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദം നേടി പട്ടികജാതി വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ വനിതാ ബിരുദധാരിയായി. മദ്രാസ് ക്രിസ്റ്റഫർ ട്രെയിനിങ് കോളേജിൽനിന്ന് എൽ.ടി എടുത്ത്‌ അധ്യാപികയായി. 1945ൽ കൊച്ചി നിയമസഭയിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടു. 1946ൽ മദ്രാസ് പ്രവിശ്യയിൽനിന്ന് ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ 15 വനിതാ അംഗങ്ങളിൽ ഒരാളായി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇളയച്ഛൻ ആർ. വേലായുധനാണ്‌ ഭർത്താവ്‌. ചരിത്രകാരി മീര വേലായുധൻ, രഘൂത്തമൻ, പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ എന്നിവർ മക്കൾ.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, പണ്ഡിറ്റ് കറുപ്പൻ, പൊയ്കയിൽ യോഹന്നാൻ, ശ്രീനാരായണ ഗുരു, അയ്യാ വൈകുണ്ഠസ്വാമികൾ, വക്കം അബ്‌ദുൾ ഖാദർ മൗലവി, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ആദ്യകാല നവോത്ഥാന നായകരുടെ പട്ടികയിൽ പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!