കണ്ണൂരിൽ അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നു

കണ്ണൂർ : പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യംചെയ്‌ത അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ അമ്പൻ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി. ദേവദാസ്, മക്കളായ സജ്ജയ്‌ദാസ്, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിയെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായർ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാത്രി എട്ടോടെ വീണ്ടും തർക്കമുണ്ടാവുകയും ദേവദാസും മക്കളുമെത്തി വീടിനു മുൻവശത്തെ റോഡിലിട്ട് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പ്രവീൺ കുമാറിനും (52) തലയ്‌ക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെ പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ എത്തിച്ചെങ്കിലും അജയകുമാർ മരിച്ചു. മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിൽ. പരേതനായ കുമാരന്റെ മകനാണ് അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.