മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share our post

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുക മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ പേടിക്കേണ്ടതാണ്. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങൾ ഇല്ലാതാവുമ്പോഴാണ് പാമ്പുകൾ പുറത്തിറങ്ങുക.

 മാളങ്ങളിൽ വെള്ളം കെട്ടി നിറയുന്നതോടെ പാമ്പുകൾ ജനവാസ പ്രദേശങ്ങളിലേക്കെത്താം. മഴക്കാലം എത്തുന്നതോടെ വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്. കാരണം അവ പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ചെറിയൊരു അശ്രദ്ധ മതി ജീവൻ അപകടത്തിലാകാൻ.

* ഷൂസിനുള്ളിൽ പാമ്പുകള്‍ ചുരുണ്ട് കൂടിയിരിക്കാം: മഴക്കാലത്ത് ചെരുപ്പുകള്‍ക്ക് ഉള്ളില്‍ പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച്‌ ഇഴ ജന്തുക്കള്‍ ഒന്നും തന്നെ അകത്തില്ലെന്ന് ഉറപ്പ് വരുത്തുക.

* വാഹനങ്ങള്‍ ശ്രദ്ധിക്കുക: വാഹനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനം ഉപയോഗിക്കുക.

* തുണികള്‍ കൂട്ടി ഇടരുത്: വസ്ത്രങ്ങള്‍ കുന്നുകൂട്ടി ഇടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്പുകള്‍ ചുരുണ്ട് കൂടി കിടക്കാനുള്ള സാധ്യത കൂടുതലാണ്.

* ചപ്പുചവറുകള്‍ വൃത്തിയാക്കുക: മഴക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിൽ പാമ്പുകള്‍ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

* വള്ളിച്ചെടികള്‍ വെട്ടിമാറ്റുക: വള്ളി ചെടികള്‍ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകള്‍ ചുറ്റി കിടക്കാനുള്ള സാധ്യത കൂടുതലാണ്. വള്ളി ചെടികളിലൂടെ പാമ്പുകള്‍ അകത്തേക്ക് കയറുന്നതിനും ഇടയാക്കും.

* പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കുക: പട്ടിക്കൂട്, കോഴിക്കൂട് എന്നിവക്ക് സമീപം പാമ്പുകള്‍ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

* പൊത്തുകള്‍ അടക്കുക: വീടിന് സമീപത്ത് പൊത്തുകള്‍ ഉണ്ടെങ്കില്‍ നിർബന്ധമായും അടക്കുക. കാരണം, പൊത്തുകള്‍ ഉള്ളയിടത്ത് പാമ്പുകള്‍ കയറിരിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!