സഞ്ചാരികളെ പോരൂ, മനം കവരാൻ മൺസൂൺ ടൂറിസം

കോട്ടയം : കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല. ഇത്തവണ മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കുമരകത്തെ കായൽ സൗന്ദര്യം നുകരാൻ കുടുംബ സമേതമാണ് സഞ്ചാരികൾ എത്തിയത്. എന്നാൽ ചൂട് കനത്തതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഈ നഷ്ടം മൺസൂൺ ടൂറിസത്തിലൂടെ നികത്താമെന്നാണ് ഹൗസ് ബോട്ട് ഉടമകളും റിസോർട്ടുകളും പ്രതീക്ഷിക്കുന്നത്.
ജൂൺ മുതൽ സെപ്‌തംബർ വരെ നീളുന്ന സീസണിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് അറബ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെയും നവദമ്പതികളെയുമാണ്. എന്നാൽ കോവിഡിന് ശേഷം അറബ് രാജ്യങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞിട്ടുണ്ടെന്നും ഇത്തവണ അതിൽ നിന്നും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു. 8000-9000 രൂപയാണ് പ്രീമിയം ഹൗസ് ബോട്ടുകളുടെ നിരക്ക്. ഡീലക്‌സ് ബോട്ടുകൾ 13000-14000 വരെയാകും. ദിവസം, ഭക്ഷണം, മുറി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റവുമുണ്ടാകും.
ഞങ്ങൾ തയ്യാറാണ്
‘130 ഹൗസ് ബോട്ടുകൾ കുമരകത്തുണ്ട്. മൺസൂൺ ടൂറിസം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ബോട്ടുകളും മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലെല്ലാം പരിചയസമ്പന്നരായ ജോലിക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. മൺസൂൺ കാലത്ത് കാലാവസ്ഥ പ്രതികൂലമായാലും അതിനെ നേരിടാൻ അവർക്ക് സാധിക്കും’- ഷനേജ് കുമാർ( ജില്ലാ ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്).
കാണാം ഗ്രാമീണ കാഴ്ചകൾ
ഉത്തരവാദിത്വ ടൂറിസത്തിൻ്റെ ഭാഗമായി കുമരകത്തെയും സമീപ പ്രദേശങ്ങളിലെയും ഗ്രാമീണ ജീവിതം ആസ്വദിക്കാനും സഞ്ചാരികൾ എത്താറുണ്ട്. നാട്ടിൻ പുറങ്ങളിലെ ജീവിതം ആസ്വദിച്ച് പാടവരമ്പിലൂടെയുള്ള മഴ നടത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. കുളിരു പകരുന്ന കാലാവസ്ഥയിൽ തൊപ്പിക്കുടയണിഞ്ഞ് ചെറിയ ഉൾനാടൻ വഴികളിലൂടെ ഗ്രാമീണക്കാഴ്ച കണ്ട് നടക്കാം. വീടുകളിലെ നാടൻ ഭക്ഷണത്തിൻ്റെ രുചി നുകരുന്നതിനൊപ്പം ഗ്രാമീണരുടെ തനത് തൊഴിലുകളായ കള്ളുചെത്ത്, കയർ പിരിക്കൽ, തഴപ്പായ നെയ്ത്ത് തുടങ്ങിയവ കണ്ടറിയുകയും ചെയ്യാം.