അധ്യാപക സ്ഥലംമാറ്റം ‘പേപ്പർലെസ്’ ആക്കി കൈറ്റ്

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റവും നിയമനവും പൂർണമായും നടപ്പാക്കുന്നത് കൈറ്റിന്റെ പരിഷ്കരിച്ച സോഫ്‍റ്റ്‍വെയറിൽ. 2007–08ൽ പ്രഥമാധ്യാപകരുടെയും എ.ഇ.ഒ.മാരുടെയും സ്ഥലം മാറ്റത്തിനും നിയമനത്തിനുമാണ് ആദ്യമായി ഓൺലൈൻ സംവിധാനം ഐടി@സ്കൂൾ (കൈറ്റ്) ഏർപ്പെടുത്തിയത്. തൊട്ടടുത്ത വർഷം മുതൽ അധ്യാപകരുടെയും സ്ഥലംമാറ്റം ഓൺലൈനായി. ഇതോടെ പരാതികളും കോടതി വ്യവഹാരങ്ങളും പൂർണമായും ഒഴിവായി.

ഈ വർഷത്തെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട് 277 പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് പെൻ നമ്പരും മൊബൈൽ നമ്പരും നൽകുമ്പോൾ അധ്യാപകരുടെ വിശദാംശങ്ങൾ ‘സമ്പൂർണ’യിൽ നിന്ന്‌ ലഭിക്കും. അധ്യാപകർക്ക് അനുബന്ധ രേഖകൾ ഓൺലൈനായി നൽകാം. കഴിഞ്ഞ വർഷം വരെ ഹാർഡ് കോപ്പികൾ ഡി.ഡി ഓഫീസിലെത്തിക്കണമായിരുന്നു. സ്ഥലംമാറ്റം ഓപ്ഷനുകളുടെ എണ്ണം പത്തിൽ നിന്നും 20 ആക്കി. സർവീസ് കാലയളവിൽ സീനിയോറിറ്റിക്ക് പരിഗണിക്കേണ്ടാത്ത കാലയളവും ഇതിൽ ഉൾപ്പെടുത്തും. അപേക്ഷയുടെ എല്ലാ ഘട്ടത്തിലും അധ്യാപകർക്കുണ്ടാകുന്ന പരാതികളും ഇനി ഓൺലൈനിൽ നൽകാം.

കഴിഞ്ഞ വർഷംവരെ ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷൻ ഈവർഷം മുതൽ പ്രഥമാധ്യാപകർക്ക് ലഭ്യമാക്കി. പ്രത്യേക പ്രയോറിറ്റി റാങ്കിങ് സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷംവരെ പ്രൊവിഷണൽ ലിസ്റ്റുകൾ തയ്യാറാക്കിയിരുന്നത്‌ കൈറ്റിന്റെ സംസ്ഥാന ഓഫീസിൽ നിന്നായിരുന്നെങ്കിൽ ഈവർഷം അത് പൂർണമായും ജില്ലകളിൽ ഡി.ഡി.ഇ ഓഫീസുകളിൽ നിന്നാക്കി. ഡി.ഡി.ഇ.മാർ സ്ഥലംമാറ്റ ഉത്തരവ് ജനറേറ്റ് ചെയ്യുന്നതും ഓൺലൈനായി. പതിനായിരത്തോളം അധ്യാപകരാണ് ഈവർഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!