പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ ബിസ്‌കറ്റ് കമ്പനി കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. സ്ഥാപനം അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല കാഴ്‌ചയുമുള്ള കെട്ടിടമായിരുന്നു ഇത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ നശിക്കുകയാണ്.
കെട്ടിടത്തിന്റെ മുൻഭാഗത്തെ മതിലിൻ്റെ മുകൾഭാഗം രണ്ടായി പിളർന്ന നിലയിലാണ്. ഷട്ടറുകൾ തുരുമ്പെടുത്ത് ദ്രവിച്ചു. ചുമരിലും കേടുപാടുകൾ പ്രത്യക്ഷമായി. കെട്ടിടം ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് കെടുതികൾക്കെതിരെ മുന്നറിയിപ്പും നോട്ടീസും നൽകാൻ തീരുമാനിക്കാറുണ്ട്. എന്നാൽ, നഗരസഭയുടെ ഏതാനും വാര അകലത്തിലുളള ഈ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.