ഗാർഹിക പീഡനക്കേസിൽ ആളുമാറി അറസ്റ്റ്; നാല് ദിവസം ജയിലിൽ, ഒടുവില്‍ മോചനം

Share our post

തിരൂർ : ഗാർഹിക പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് പ്ര‍തിയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വിട്ടയച്ചു. പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത വെളിയങ്കോട് ആലുങ്ങൽ സ്വദേശി അബൂബക്കറി(42)നെയാണ് നാല് ദിവസത്തെ ജയിൽവാസത്തിനു ശേഷം തിരൂർ കുടുംബ കോടതി പ്ര‍തിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചത്. ഗാർഹിക പീഡനക്കേസിൽ വെളിയങ്കോട് സ്വദേശിയായ മറ്റൊരു അബൂബക്കറിനെതിരെ അയാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊന്നാനി പൊലീസ് വീട്ടിലെത്തി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാൻഡ് ചെയ്ത ഇയാളെ തവനൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അബൂബക്കറിന് വേണ്ടി ജാമ്യം എടുക്കുന്നതിനായി ബന്ധുക്കൾ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് തെറ്റുപറ്റിയ കാര്യം അറിയുന്നത്. അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ അവർ അബൂബക്കറിനെതിരെ ഇങ്ങനെ ഒരു പരാതി നൽകിയിരുന്നില്ലെന്ന വിവരം ലഭിക്കുന്നത്. കുടുംബം അഭിഭാഷകനെ സമീപിച്ചപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് കുടുംബ കോടതിയിൽ ഹർജി നൽകിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. കുടുംബ കോടതി ഗാർഹിക പീഡനക്കേസിൽ ജീവനാംശം നൽകാത്തതിന് പൊലീസിന് നൽകിയ സമൻസിലെ പ്ര‍തി പൊന്നാനി വെളിയങ്കോട് വടക്കേപുറത്ത് ആലുങ്ങൽ അബൂബക്കർ(52) ആണെന്ന് തിരിച്ചറിഞ്ഞു. ജയിലില്‍ കഴിഞ്ഞ അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.

കോടതിയിൽ നിന്നും ലഭിച്ച സമൻസ് പ്ര‍കാരം വെളിയങ്കോട് വടക്കേപ്പുറം ആലുങ്ങൽ അബൂബക്കർ എന്ന ആളെ തേടിയാണ് നാട്ടിലെത്തിയതെന്നും. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആലുങ്ങൽ അബൂബക്കർ എന്ന ആളെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തവനൂർ ജയിലിൽ ആക്കിയതെന്നുമാണ് പൊന്നാനി പൊലീസിന്റെ വിശദീകരണം. ഇയാൾ പൊലീസിനോടും കോടതിയിലും കുറ്റം സമ്മതിച്ചതിനെ തുടർന്നായിരുന്നു നടപടി. രണ്ടു വർഷം മുൻപ് ഇയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അതാകാമെന്ന് കരുതിയാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. കോടതി തന്ന സമൻസിലും വിലാസം ഇയാളുടെതു തന്നെ ആയിരുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!