പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ പിരിച്ചുവിടും

തിരുവനന്തപുരം: അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചില ജീവനക്കാർ അനധികൃത അവധിയിലാണ്. ഇത് അംഗീകരിക്കാൻ പറ്റില്ല. അനധികൃത അവധിയിലുള്ളവരുടെ വിവരങ്ങൾ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ മന്ത്രി നിർദേശം നൽകി.
ഇവരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താൽപര്യമുള്ളവർ ഒരാഴ്ചയ്ക്കകം എത്തണമെന്ന് പൊതു അറിയിപ്പ് ഇറക്കും. ആരോഗ്യവകുപ്പ് ഡയറക്‌ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറും തുടർനടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിൻ്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.