വ്യാജ ബില്ലുകൾ നിർമിച്ച് 1,000 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ്; ആക്രി, സ്റ്റീല്‍ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് കോടികളുടെ നികുതി വെട്ടിപ്പ്. 1,000 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ജില്ലകളിലായി മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഷെല്‍ കമ്പനികളുടെ മറവിലെ ജി.എസ്.ടി വെട്ടിപ്പ് പിടികൂടാനായാണ് ജി.എസ്.ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.

ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെ ഏഴ് ജില്ലകളിലെ നൂറിലധികം ഇടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. അര്‍ഹതയില്ലാത്ത ജി.എസ്.ടി ക്രെഡിറ്റ് കിട്ടാനായി ഷെല്‍ കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകള്‍ നിര്‍മിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.

പരിശോധനയില്‍ വ്യാജബില്ലുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം. തട്ടിപ്പ് നടത്തിയവരെ ഉടന്‍ ചോദ്യംചെയ്യലിന് വിളിപ്പിക്കും. കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥരടക്കം പങ്കെടുത്താണ് പരിശോധന. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ നികുതിവെട്ടിപ്പാണ് പുറത്തുവരുന്നത്. പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍വെച്ച് തുടര്‍ പരിശോധനകളും റെയ്ഡുകളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വ്യാപക റെയ്ഡിന് ജി.എസ്.ടി വകുപ്പ് തയ്യാറായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!