വൃത്തിക്കാണ്‌ മാർക്ക്‌ ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ശുചിത്വപദവി

Share our post

കോഴിക്കോട്: സംസ്ഥാനത്ത്‌ ഹോട്ടൽ, ലോഡ്ജ്‌, റിസോർട്ട്‌, ഹോംസ്റ്റേ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റിങ് വരുന്നു. ഖരമാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം എന്നിവ‌ക്കുള്ള സംവിധാനങ്ങൾ, ശുചിത്വം, ആതിഥേയത്വം ഉൾപ്പെടെയുള്ളവ വിലയിരുത്തിയാണ്‌ റേറ്റിങ്. വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി നൽകുന്ന സ്‌റ്റാർ പദവിയുടെ മാതൃകയിലാണിത്‌. ഖരമാലിന്യം, അടുക്കളയിലെയും കുളിപ്പുരയിലെയും ദ്രവമാലിന്യം, ശുചിമുറി മാലിന്യം എന്നിവ സംസ്‌കരിക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമതയാണ്‌ പ്രധാനമായും വിലയിരുത്തുക. 200 മാർക്കിൽ നൂറുമുതൽ 130 വരെ നേടുന്ന സ്ഥാപനങ്ങൾക്ക്‌ വൺ ലീഫ്‌ പദവി കൈവരിക്കാം. 130–-180 മാർക്ക്‌ നേടിയാൽ ത്രീ ലീഫ്‌ പദവിയും 180–- 200 മാർക്ക്‌ നേടിയാൽ ഫൈവ്‌ ലീഫ്‌ ലഭിക്കും. ഖര മാലിന്യത്തിന്റെ തരംതിരിച്ചുള്ള സംസ്‌കരണം, ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, പ്ലാസ്‌റ്റിക്‌ മാലിന്യം സംസ്‌കരിക്കുന്നതിന്‌ ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ, മാലിന്യസംസ്‌കരണത്തിനുള്ള അവബോധ പ്രവർത്തനങ്ങൾ, മാലിന്യടാങ്കുകളുടെ ശാസ്‌ത്രീയമായ രുപകൽപ്പന, ഹരിതശുചിത്വസംവിധാനങ്ങൾ തുടങ്ങിയവയാണ്‌ പ്രധാന പരിഗണനാ വിഷയങ്ങൾ.

കേന്ദ്ര വിനോദസഞ്ചാര വകുപ്പും സ്വച്ഛ്‌ ഭാരത് മിഷനും ചേർന്ന് നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിങ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. കേരളമാണ്‌ രാജ്യത്ത്‌ ആദ്യമായി പദ്ധതി നടപ്പാക്കുന്നത്‌. റേറ്റിങ്ങിനായി സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. ഇതിനായി ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ കലക്ടർ ചെയർമാനായ കമ്മിറ്റി രൂപീകരിച്ച്‌ റേറ്റിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. രജിസ്‌റ്റർ ചെയ്‌ത സ്ഥാപനങ്ങളിൽ കലക്ടർ ചെയർമാനായ സമിതി സന്ദർശിച്ച്‌ ശുചിത്വസംവിധാനങ്ങൾ വിലയിരുത്തും. സമയപരിധി നിശ്‌ചയിച്ച്‌ അതിനകം ലഭിക്കുന്ന മാർക്ക്‌ പ്രകാരമാണ്‌ ലീഫ്‌ പദവി നൽകുക. കൂടുതൽ സജ്ജീകരണം ഒരുക്കുന്ന മുറയ്‌ക്ക്‌ ഉയർന്ന പദവി കൈവരിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!