മികവിന്റെ തെളിച്ചമാണ് ‘കൃപാലയ നോട്ട് ബുക്കുകൾ’; കുറവുകളിൽ നിന്ന് കരുത്തുനേടി കുതിക്കുന്ന വിദ്യാർഥികൾ

Share our post

പുല്പള്ളി (വയനാട്‌): സ്വന്തമായി നിർമിച്ച നോട്ടുബുക്കുകൾ വിപണിയിലിറക്കി ‘കുറവുകളിൽ നിന്ന് കരുത്തുനേടി കുതിക്കുകയാണ്’ പുല്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ. സ്കൂൾ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വിൽപ്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂൾ അധികൃതരും വിദ്യാർഥികളും.

ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ് കൃപാലയ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയത്. നാല് തരത്തിലുള്ള സ്കൂൾ, കോളേജ് നോട്ടു ബുക്കുകളാണ് സ്കൂളിലെ യൂണിറ്റിൽ നിന്ന്‌ നിർമിക്കുന്നത്.

കൃപാലയ സ്പെഷ്യൽ സ്കൂളിലെ 18 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിർമാണത്തിൽ പരിശീലനം നൽകുന്നത്. എല്ലാ വർഷവും അധ്യയനാരംഭം മുതൽ ഇവിടുത്തെ വിദ്യാർഥികൾക്ക് ബുക്ക് ബൈൻഡിങ് അധ്യാപികയുടെ നേതൃത്വത്തിൽ നോട്ടുബുക്ക് നിർമിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്.

ഇത്തവണ 18 വയസ്സിന് മുകളിലുള്ള 25 വിദ്യാർഥികളാണ് നോട്ട് ബുക്ക് നിർമാണത്തിൽ പങ്കാളികളായത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് സ്കൂൾ അധികൃതർ നോട്ട് ബുക്ക് നിർമിക്കുന്നതിനുള്ള പേപ്പറുകളും പുറംചട്ടയുമെത്തിക്കുന്നത്. ഇത് അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ മനോഹരമായ പുസ്തകങ്ങളാക്കി മാറ്റിയെടുക്കും. പേപ്പറുകൾ എണ്ണിത്തിട്ടപ്പെടുത്തി അടുക്കിവെച്ച് തുന്നിച്ചേർക്കും. ബാക്കിയെല്ലാം മെഷീനിന്റെ സഹായത്തോടെയാണ്.

സ്കൂളുമായി സഹകരിക്കുന്ന പുല്പള്ളിയിലെ പ്രിൻസ് ബേക്കറിയടക്കമുള്ള ചില വ്യാപാര സ്ഥാപനങ്ങളാണ് നോട്ടു ബുക്കുകൾ വിറ്റുകൊടുക്കുന്നത്. കമ്മിഷനോ, ലാഭമോ കൈപ്പറ്റാതെയാണ് ഈ സ്ഥാപനങ്ങൾ ബുക്കുകൾ വിൽക്കുന്നത്. സ്കൂളുമായി സഹകരിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ നിന്നാണ് നോട്ടുബുക്കുകൾ വാങ്ങുന്നത്.

പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയിൽ നിന്നുള്ള നോട്ടുബുക്കുകൾ വിൽപ്പന നടത്തുന്നത്. 15 വർഷത്തോളമായി കൃപാലയ സ്‌കൂളിൽ നിന്ന്‌ നോട്ട് ബുക്കുകൾ നിർമിച്ച് വിൽപ്പന നടത്തിവരുന്നുണ്ട്. പുസ്തകം വിറ്റുകിട്ടുന്നതിന്റെ ലാഭത്തിന്റെ ഒരു വിഹിതം അത് നിർമിച്ച വിദ്യാർഥികൾക്കുള്ളതാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന പറഞ്ഞു.

വിദ്യാഭ്യാസത്തിനൊപ്പം ചെറിയൊരു വരുമാനവും വിദ്യാർഥികൾക്ക് ലഭ്യമാക്കികൊടുക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്. നോട്ട് ബുക്ക് നിർമാണ യൂണിറ്റിന് പുറമേ എൽ.ഇ.ഡി. ബൾബ്, പേപ്പർ ഗ്ലാസ്, ക്രാഫ്റ്റ് തുടങ്ങിയവ നിർമിക്കുന്നതിലും വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്.

കൂടാതെ സ്കൂളിലെ കുട്ടികൾക്ക് സ്വന്തമായി ഒരു ബാൻഡ് സെറ്റ് ട്രൂപ്പുമുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വരുമാനം നേടി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് കൃപാലയ സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കി നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!