വീട്ടില്‍ സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവ് പിടിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

പുനലൂര്‍ : വില്പനക്കായി വീടിനുള്ളില്‍ ചെറുപൊതികളാക്കിക്കൊണ്ടിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പുനലൂര്‍ വിളക്കുവെട്ടം പന്ത്രണ്ടേക്കറില്‍ തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഡാന്‍സാഫ് സംഘവും പുനലൂര്‍ പോലീസും ചേര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തത്. പുനലൂർ അയിലറ സ്വദേശികളായ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പുനലൂര്‍ മൈലയ്ക്കല്‍ ദീപ്തി വിലാസത്തില്‍ ഇന്ദ്രജിത്ത് (28), വിളക്കുവെട്ടം ചരുവിള പുത്തന്‍വീട്ടില്‍ നിധീഷ് (22), കോമളംകുന്ന് ബിജു ഭവനില്‍ അരുണ്‍ജിത്ത് (22), ചെമ്മന്തൂര്‍ പകിടിയില്‍ ചരുവിള വീട്ടില്‍ സുജീഷ് (22), ഏരൂര്‍ അയിലറ അരുണോദയത്തില്‍ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. സുജീഷ് താമസിച്ചു വരുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഒഡീഷയില്‍ നിന്നും പുലര്‍ച്ചെ എത്തിയ തീവണ്ടിയില്‍ തെന്മലയിലെത്തിച്ച കഞ്ചാവ് ബൈക്കില്‍ വിളക്കുവെട്ടത്തേക്ക് കൊണ്ടുവന്നു. ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. അപകട മുന്നറിയിപ്പ് ലഭിക്കാന്‍ വീടിന് രണ്ട് നായ്ക്കളെ കാവലിട്ടിരുന്നു. വീട് വളഞ്ഞതറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ സാഹസികമായി പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
റൂറല്‍ പോലീസ് മേധാവി സാബു മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടിച്ചെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഡാന്‍സാഫ് എസ്.ഐ. ഉമേഷ്, ബിജു ഹക്ക്, സജു, അഭിലാഷ്, ദിലീപ് കുമാര്‍, വിപിന്‍ ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ലഹരിവസ്തുക്കളുടെ വ്യാപനം തടയാന്‍ ഇക്കഴിഞ്ഞ 15 മുതല്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന തിരച്ചിലിന്റെ ഭാഗമായാണ് വിളക്കുവെട്ടത്തു നിന്നും കഞ്ചാവ് പിടിച്ചെടുത്തതെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.