നാണംകെട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണം: എസ്.എഫ്.ഐ

തിരുവനന്തപുരം : ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണമെന്ന് എസ്.എഫ്.ഐ.
യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്‌കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത പേരുകൾ വെട്ടിയ ചാൻസലർ സംഘപരിവാറുകാരെയും, കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകരെയും തിരുകി കയറ്റിയ കാര്യം കേരളമാകെ ചർച്ചയായതാണ്. ഇതിനെതിരെ കേരളത്തിൻ്റെ തെരുവുകളിലും, ക്യാമ്പസുകളിലും ഐതിഹാസിക സമരത്തിനാണ് എസ്.എഫ്.ഐ നേതൃത്വം നൽകിയത്.
കേരള യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിനിധികളായി സർവകലാശാല ശുപാർശ ചെയ്‌ത വിദ്യാർത്ഥി പ്രതിഭകളുടെ പേര് വെട്ടി, ഒരു അക്കാഡമിക് മെറിറ്റും അവകാശപ്പെടാൻ ഇല്ലാത്ത ചാൻസലർ തിരുകി കയറ്റിയ എ.ബി.വി.പി പ്രവർത്തകരെ ഇന്ന് ഹൈക്കോടതി അയോഗ്യരാക്കിയിരിക്കുന്നു. ഹൈക്കോടതി വിധി വന്നതോട് കൂടി സർവകലാശാല സ്ഥാനത്തിരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യോഗ്യത നഷ്‌ടപ്പെട്ടിരിക്കുന്നു.
ചാൻസലർ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നൽകിയ യു.ഡി.എഫ് – ബി.ജെ.പി – രാജ്ഭവൻ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ചാൻസലർ സ്ഥാനം രാജിവയ്‌ക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.