ബാർ കൗൺസിൽ ഭരണ അട്ടിമറി നിയമ വിരുദ്ധം:ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

കൊച്ചി: തെരഞ്ഞെടുപ്പ് നടത്താതെ ബാർ കൗൺസിലിന്റെ കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിയത് നിയമവിരുദ്ധമാണെന്നും ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളാ ബാർ കൗൺസിലിന്റെ 5 വർഷത്തെ ഭരണ കാലാവധി 2023 നവംബറിൽ പൂർത്തിയാക്കിയതാണ്.
അഡ്വക്കെറ്റ്സ് ആക്ട് 8 A വകുപ്പ് പ്രകാരം 6 മാസത്തെക്ക് കൂടി കാലാവധി വർദ്ധിപ്പിക്കാൻ മാത്രമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരമുള്ളത്. ആ കാലവധി കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റി രൂപീകരിക്കുകയാണ് വേണ്ടത്.എന്നാൽ നിയമ വിരുദ്ധമായി പുതിയ ചട്ടം രൂപീകരിച്ച് ബാർ കൗൺസിലിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയാണ് സെൻട്രൽ ബാർ കൗൺസിൽ ചെയ്തത്. ഇത് നഗ്നമായ നിയമ ലംഘനമാണെന്ന് ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സി. പി പ്രമോദ് പറഞ്ഞു.
നിശ്ചിത കാലാവധിക്കകം തിരഞ്ഞെടുപ്പ് നടത്താനുള്ള കേരളാ ബാർ കൗൺസിലിൻ്റെ തീരുമാനം അനുവദിക്കാതെയാണ് പുതിയ ചട്ടം രൂപീകരിച്ച് കാലവധി നീട്ടുന്നത്. ഈ ചട്ടം ചോദ്യം ചെയ്ത് ലോയേഴ്സ് യൂണിയൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
നിയമവിരുദ്ധമായി കാലാവധി നീട്ടിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുതിയ ബാർ കൗൺസിൽ ചെയർമാനെയും ഭാരവാഹികളെയും നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. ഭൂരിപക്ഷമുള്ള കൗൺസിലിനെ അട്ടിമറിച്ച് പുതിയ ഭാരവാഹികളെ നിയമിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരം ഇല്ല. ഈ ഇടപെടൽ അഭിഭാഷകരുടെ റെഗുലേറ്ററി ബോഡി തന്നെ കൈ കൊണ്ടത് ഞെട്ടിക്കുന്നതാണ്.
ജനാധിപത്യ രീതിയിലോ ന്യായമായ വഴികളിലൂടെയോ ബാർ കൗൺസിലിൻ്റെ ഭരണത്തിൽ എത്താൻ കഴിയാത്ത കുറച്ച് അധികാര മോഹികൾ ഈ നിയമവിരുദ്ധ നടപടികൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. ഇത് ബാർ കൗൺസിലിൻ്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും ലോയേഴ്സ് യുണിയൻ ആവശ്യപ്പെട്ടു.