തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് വെട്ടിനിരത്തല്‍. ഡി.ജി.പിയുടെ നിരീക്ഷണത്തിനായുള്ള പോലീസ് ആസ്ഥാനത്തെ ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി. പോലീസ് സ്റ്റേഷനിലെയും ശബരിമലയിലെയും ക്യാമറാ ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്ന സംവിധാനമാണ് പൂട്ടിയത്. ആസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്.
ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതോടെ പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായിരുന്ന സംവിധാനമാണ് നിശ്ചലമായത്. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനമായിരുന്നു ചീഫ് കണ്‍ട്രോള്‍ റൂം. സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡി.ജി.പിക്ക് പോലീസ് ആസ്ഥാനത്ത് ഇരുന്ന് നേരിട്ട് കാണാനുള്ള സംവിധാനം ഇതിലുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ പോലീസ് ആസ്ഥാനത്തെ ചീഫ് കണ്‍ട്രോള്‍ റൂമിലായിരുന്നു ലഭിച്ചിരുന്നത്. ഇവിടെ തത്സമയ നിരീക്ഷണമാണ് നടന്നിരുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷനുകള്‍ ഡി.ജി.പിയുടെ നിരീക്ഷണത്തിലാണെന്ന ഒരു പേടി പോലീസുകാര്‍ക്കും ഉണ്ടായിരുന്നു. ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതോടെ ഇനി സ്റ്റേഷനുകള്‍ നിരീക്ഷിക്കാന്‍ ആളില്ലാതായി.
ശബരിമലയിലെ എല്ലാ ക്യാമറകളുടെയും ദൃശ്യങ്ങളും ഈ കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചിരുന്നു. ആ സംവിധാനമാണ് കൃത്യമായ വിശദീകരണമില്ലാതെ ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെയാണ് ഈ കണ്‍ട്രോള്‍ റൂമിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലിലേക്ക് എത്തിയത് എന്നതാണ് വിചിത്രം.
ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരുന്ന കാലത്താണ് ദേശീയ പോലീസ് നയത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കോടികള്‍ മുടക്കി ചീഫ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കാനും മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് നേരിട്ട് ബന്ധപ്പെടാനുമുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഏകോപനം ഫലപ്രദമായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
സി.സി.ടി.വികള്‍ ഉണ്ടായിരുന്നിട്ട് കൂടി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിനെതിരെ നിരവധി ആക്ഷേപങ്ങള്‍ വന്നിരുന്നു. ഗുണ്ടാ ആക്രമങ്ങള്‍ മൂലം ക്രമസമാധാനം തകരാറിലാവുകയും കൂടി ചെയ്തതോടെ പോലീസ് സമ്മര്‍ദത്തിലാണ്. ഈ സമയത്തുതന്നെ ഡി.ജി.പിയുടെ ഏകോപന സംവിധാനം ഇല്ലാതാക്കിയത് എന്തിനെന്ന് വ്യക്തമല്ല. അതേസമയം, പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള കണ്‍ട്രോള്‍ റൂം സേവനം പഴയ പോലെ തന്നെയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതിന് പുറമെ ഓപ്പറേഷന്‍ സെല്ലില്‍ നിന്നടക്കം അമ്പതോളം പേരെ ഒഴിവാക്കിയിട്ടുമുണ്ട്. ആള്‍ബലം കുറച്ച് പോലീസ് ആസ്ഥാനം ശാക്തീകരിക്കുന്ന നടപടികളാണ് തുടരുന്നതെന്നാണ് വിശദീകരണം. തന്ത്രപ്രധാനമായ കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയ വിഷയത്തില്‍ പോലീസിനുള്ളില്‍ തന്നെ ആശങ്കയുണ്ട്.