മഴക്കാല ശുചീകരണം; പേരാവൂരിൽ വാരിക്കൂട്ടിയത് പത്ത് ലോഡ് മാലിന്യം

പേരാവൂർ:വിവിധ സംഘടനകളുടെ സഹായത്താൽരണ്ടാഴ്ചക്കാലമായി പേരാവൂർ പഞ്ചായത്ത് പരിധിയിലാകെ നടത്തിയ ശുചീകരണത്തിൽ പത്ത് ലോഡ് മാലിന്യം ശേഖരിച്ചു. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ഹരിതകർമ്മസേന അംഗങ്ങളുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പോസ്റ്റൽ വകുപ്പിന് കീഴിലുള്ള പറമ്പിൽ കാലങ്ങളായി വലിച്ചെറിയപ്പെട്ട ചാക്ക് കണക്കിന് മാലിന്യമാണ് തിങ്കൾ രാവിലെ മുതൽ എടുത്ത് മാറ്റിയത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന മഴക്കാല പൂർവ ശുചീകരണ പ്രവൃത്തി സമാപനം പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി .ശരത്, റീന മനോഹരൻ, എം.ഷൈലജ, പഞ്ചായത്ത് അംഗം ബേബി സോജ തുടങ്ങിയവർ സംസാരിച്ചു.