വൈശാഖോത്സവത്തിന് തുടക്കം; കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

വൈശാഖോത്സവം
കൊട്ടിയൂർ: ഇന്ന് അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിച്ച് സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് തുടക്കമാകും. സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യമൃതുമായി വ്രതക്കാർ വിവിധ മഠങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ മണത്തണയിൽ എത്തിയ വ്രതക്കാർ നെയ്ക്കിണ്ടികൾ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചു. ഇന്ന് രാവിലെ അവിടെ നിന്നും പുറപ്പെട്ട് ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും.
നെയ്ക്കിണ്ടികൾ നടുക്കുനിയിലെ ആൽമരത്തിന് ചുവട്ടിൽ സൂക്ഷിക്കുന്ന വ്രതക്കാർ വൈകുന്നേരം മുതിരേരി കാവിൽ നിന്നുള്ള വാൾ എഴുന്നളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തുന്നതുവരെ കാത്തുനിൽക്കും. വാൾ ശ്രീകോവിലിൽ പ്രവേശിക്കുന്നതോടെ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ചാതിയൂർ മഠത്തിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഓടയും തീയുമായി ബ്രാഹ്മണരും തേടൻ വാര്യരും നമ്പീശനും അക്കരെ പ്രവേശിക്കും. മണിത്തറയിൽ പ്രവേശിച്ച് മൺ താലങ്ങളിൽ ചോതി വിളക്ക് തെളിക്കും. തുടർന്ന് ബ്രാഹ്മണ സ്ഥാനികർ ചേർന്ന് സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറക്കും. നെയ്യാട്ടത്തിന് രാശി വിളിച്ചാൽ ആചാരപ്രകാരം നെയ്യാട്ടം തുടങ്ങും. വില്ലിപ്പാലൻ കുറുപ്പും, തമ്മേങ്ങാടൻ നമ്പ്യാരും എത്തിച്ച കലശപാത്രങ്ങൾ തുറന്ന് നെയ് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യും അഭിഷേകം ചെയ്യും.
ബുധനാഴ്ചയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. മണത്തണ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും, സ്വർണ്ണം, വെളി കുംഭങ്ങളും കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. രാത്രി പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിക്ക് ശേഷം കൊട്ടിയൂരിൽ എത്തിച്ചേരും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതു മുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് ദർശനം നടത്താം. അപ്പോൾ മുതൽ നിത്യപൂജകളും ആരംഭിക്കും.
തീർത്ഥാടകർക്ക് വിപുലമായ ഒരുക്കങ്ങൾ
* ശുദ്ധജല സൗകര്യത്തിന് പുതിയ കിണറും ജലവിതരണ സൗകര്യം.
* അക്കരെ കൊട്ടിയൂരിൽ ദേവസ്വം വക സ്ഥലത്ത് പുതിയ പാർക്കിംഗ് ഏരിയ ഉൾപ്പെടെ 4000 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ്.
* തീർത്ഥാടകർക്ക് താമസിക്കാൻ ദേവസ്വത്തിൻ്റെ നാല് വിശ്രമ മന്ദിരങ്ങൾ, മന്ദംചേരിയിൽ രണ്ട് നിലകളുള ഒരു സത്രം. ടൂറിസം വകുപ്പിൻ്റെ ഡോർമിറ്ററിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ.
* സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും 400 താത്കാലിക വളണ്ടിയർമാർ.
* നിലവിൽ 200 ലധികം ശുചി മുറികൾ. പുതിയ ടോയ് ലറ്റ് കോംപ്ലക്സിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു.
* ഇക്കരെ ക്ഷേത്ര പരിസരത്ത് പൊലീസ് ഔട്ട് പോസ്റ്റും ആരോഗ്യ വകുപ്പ് കൗണ്ടറും.
* കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നുകളും ഡോക്ടറുടെയും മറ്റ് സ്റ്റാഫിന്റെയും സേവനം.
* പടിഞ്ഞാറേ നടയിൽ ഡോക്ടറുടെ സേവനം.
* ഉത്സവകാലത്ത് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്.