അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടിയുടെ മകൾ ഫദ്‌വയാണ് മരിച്ചത്. തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് മരണം. ഒരാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പെൺകുട്ടിയെ 13നാണ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് കുട്ടി ബന്ധുക്കൾക്കൊപ്പം വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെയാണ് അണുബാധയേറ്റത്. അഴുക്ക് നിറഞ്ഞ വെള്ളത്തിലൂടെ അമീബ ശരീരത്തിൽ പ്രവേശിച്ചാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പിടിപെട്ടത്. വെന്റിലേറ്ററിലായിരുന്ന കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇടയ്‌ക്ക് അപസ്‌മാരവും ഉണ്ടായി.
ഫദ്‌വയോടൊപ്പം കുളിച്ചിരുന്ന മറ്റ് നാല് കുട്ടികൾ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടു.
ഫസ്‌നയാണ് ഫദ്‌വയുടെ ഉമ്മ. സഹോദരങ്ങൾ: ഫംന, ഫൈഹ.