നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ ഒരേദിവസങ്ങളിൽ ആനകളുടെ കണക്കെടുക്കുന്നു. വന്യജീവി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് രൂപവത്കരിച്ച അന്തർ സംസ്ഥാന ഏകോപന സമിതി തീരുമാനപ്രകാരമാണ് 23, 24, 25 തീയതികളിൽ കണക്കെടുപ്പ്.
മൂന്ന് രീതികൾ
മൂന്നുരീതികളിലാണ് കണക്കെടുപ്പ്. 23 -ന് നേരിട്ട് കണക്കെടുക്കുന്ന ‘ബ്ലോക്ക് കൗണ്ട്’ രീതിയിലാണ് സെൻസസ്. മൊത്തം വനഭൂമിയെ നിശ്ചിതബ്ലോക്കായി തിരിച്ച് വനം ജീവനക്കാർ നേരിട്ട് ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നു. കഴിഞ്ഞവർഷം ഇങ്ങനെ വേർതിരിച്ച 610 സാമ്പിൾ ബ്ലോക്കുകളിൽ 1920 ആനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ എന്നീ നാല് ആന സങ്കേതങ്ങളിലായി സംസ്ഥാനത്തിന്റെ മൊത്തം വനഭൂമിയെ വിഭജിച്ച ശേഷമാണ് ബ്ലോക്കുകളായി തിരിക്കുന്നത്.
24-ന് പരോക്ഷ കണക്കെടുപ്പായ ‘ഡങ് കൗണ്ട്’ (ആനപ്പിണ്ടപ്പരിശോധന) രീതിയിലും 25-ന് ജല സാന്നിധ്യമുള്ള മേഖലകളിൽ നടത്തുന്ന ‘വാട്ടർ ഹോൾ കൗണ്ട്’ അഥവാ ‘ഓപ്പൺ ഏരിയ’ രീതിയിലും എണ്ണമെടുക്കും. കഴിഞ്ഞവർഷം ഈ രീതികളിൽ എണ്ണിത്തിട്ടപ്പെടുത്തിയത് 2386 ആനകളെയാണ്.വിവരങ്ങൾ പരിശോധിച്ചശേഷം ജൂൺ 23-ന് കരട് റിപ്പോർട്ട് തയ്യാറാക്കും. അന്തിമറിപ്പോർട്ട് ജൂലായ് ഒൻപതിന് കൈമാറാനാണ് തീരുമാനം. വന്യജീവി ആക്രമണം മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുകകൂടി ലക്ഷ്യമിട്ടാണ് സെൻസസ്.