തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Share our post

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങൾ പൂർണം. പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്ന തീർത്ഥാടകരെ വരവേൽക്കാൻ കരിപ്പൂർ ഹജ്ജ് ഹൗസ് ഒരുങ്ങി. തീർത്ഥാടകർ ഇന്നു മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഇത്തവണ ഹജ്ജിനായി പോകുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നത്.

ആകെ തീർത്ഥാടകരിൽ 10,604 പേർ സ്ത്രീകളും 7,279 പേർ പുരുഷന്മാരുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കരിപ്പൂർ എംബാർക്കേഷൻ വഴി 10,430 പേരും കൊച്ചി വഴി 4,273, കണ്ണൂർ വഴി 3,135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബെംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക.

ഇന്നു മുതൽ ജൂൺ ഒമ്പത് വരെയാണ് കരിപ്പൂരിലെ ഹജ് ക്യാമ്പ്. മൊത്തം തീർത്ഥാടകരിൽ 1,250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3,582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. കഴിഞ്ഞ വർഷം 11,252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. ഈ വർഷം 6,516 തീർത്ഥാടകരുടെ വർദ്ധനവാണുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!