‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Share our post

കോലഞ്ചേരി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജോസഫ് (വേണാട്ട് ജോയി-71) ആണ് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇവരുടെ മൂന്നു മക്കളും വർഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭർത്താവും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു.

മൂന്നു മാസം മുൻപ്‌ ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുൻപാണ് ലീല തിരിച്ചെത്തിയത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽെവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അടുക്കളയിൽെവച്ച് അരിവാൾ ഉപയോഗിച്ച് ഇയാൾ ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തൻകുരിശ് ഡി.വൈ.എസ്.പി. നിഷാദ്മോൻ പറഞ്ഞു. വീടും പരിസരവും പോലീസ് സീൽ ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ രാത്രിതന്നെ സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പോലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും സംഭവമറിയുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്‌ഷനു സമീപമാണ് ഇവരുടെ വീട്. വൈകീട്ട് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞില്ല. മക്കൾ: സ്മിത, സരിത, എൽദോസ്. മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!