പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത് നിർമിക്കാത്തതാണ് റോഡിൽ പാകിയ ചെറിയ കരിങ്കല്ലുകൾ ഒഴുകി പോകാനിടയാക്കിയത്. ഇതു കൂടാതെ പാലയാട്ടുകരി-പേരാവൂർ റോഡ് ജങ്ങ്ഷന് സമീപത്തെ വീട്ടുപറമ്പുകളിലേക്കും റോഡിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് നാശമുണ്ടായി.
പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് റോഡരികിൽ താത്കാലിക ഓവുചാലുണ്ടാക്കിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലും വെള്ളം കുത്തിയൊലിച്ച് വീട്ടുമുറ്റത്ത് വീണ്ടും നാശമുണ്ടായി. അധികൃതരോട് പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരത്തിന് തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പേരാവൂർ റോഡ് ജങ്ങ്ഷനിലെ കലുങ്കിലേക്ക് വെള്ളം ഒഴുകാൻ റോഡിന്റെ ഒരു വശം കുറച്ചു ദൂരത്തിൽ മാത്രമാണ് ഓവുചാൽ നിർമിച്ചിട്ടുള്ളത്. അശാസ്ത്രീയമായ രീതിയിലണ് ഈ ഭാഗത്ത് ഓവുചാലുള്ളത്. സംഭവത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.