കരിപ്പൂരിൽ ക്യാമ്പ് നാളെ തുടങ്ങും; ഹജ്ജ് തീർഥാടനം 21 മുതൽ

കരിപ്പൂർ: ഈവർഷത്തെ ഹജ്ജ് ക്യാമ്പ് തിങ്കളാഴ്ച മുതൽ കരിപ്പൂരിൽ. തീർഥാടകരുടെ ആദ്യസംഘം രാവിലെ 10ന് എത്തും. സംസ്ഥാനത്തു നിന്നുള്ള ആദ്യയാത്ര കരിപ്പൂരിൽ നിന്ന് ചൊവ്വാഴ്ച തുടങ്ങും. ഇത്തവണ യാത്ര 20 ദിവസമായാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ ഒമ്പതിന് അവസാനിക്കും. ചൊവ്വാഴ്‌ച പുലർച്ചെ 12.05നാണ് ആദ്യവിമാനം.
എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 വിമാനത്തിൽ 166 പേർ യാത്രതിരിക്കും. രാവിലെ എട്ടിനും പകൽ മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ പറക്കും. ആദ്യവിമാനം പുലര്‍ച്ചെ 3.50ന് ജിദ്ദയിലെത്തും. ആദ്യവിമാനത്തിൽ പോകുന്നവർ തിങ്കൾ രാവിലെ 10നും രണ്ടാമത്തെ സംഘത്തിലുള്ളവർ പകൽ 12നും മൂന്നാംസംഘം രണ്ടിനും ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് മൂന്ന് പുറപ്പെടൽകേന്ദ്രങ്ങൾവഴി ഈ വർഷം പോകുന്നത്. ഇതിൽ 7279 പേർ പുരുഷന്മാരും 10,604 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനുതാഴെയുള്ള എട്ട് കുട്ടികളുമുണ്ട്. കരിപ്പൂർ–- 10,430, നെടുമ്പാശേരി–- 4273, കണ്ണൂർ–-3135 എന്നിങ്ങനെയാണ് തീർഥാടകരുടെ എണ്ണം.
നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യ വിമാനം 26നാണ്. കണ്ണൂരില്‍ നിന്ന് ജൂണ്‍ ഒന്നിന് യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തുക. കരിപ്പൂരിൽ നിന്ന് ജൂൺ ഒമ്പതുവരെ 59 സർവീസും നെടുമ്പാശേരിയിൽ നിന്ന് 17 സർവീസും കണ്ണൂരിൽ നിന്ന് ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്തു നിന്നുള്ള 37 പേർ ബംഗളൂരു, അഞ്ചുപേർ ചെന്നൈ, മൂന്നുപേർ മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുക. ആകെ തീർഥാടകരിൽ 1250 പേർ 70 വയസ്സ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽപ്പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽനിന്നുള്ളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിലുള്ളവരുമാണ്.