ക്‌നാനായ യാക്കോബായ സഭ മെത്രാപ്പോലീത്തയുടെ സസ്‌പെന്‍ഷന്‍ കോടതി സ്റ്റേ ചെയ്തു

കോട്ടയം: ക്‌നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്തു. അന്ത്യോക്യാ പാത്രയര്‍ക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. കോട്ടയം മുന്‍സിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്. 25 ന് വിശദമായ വാദം കേള്‍ക്കുന്നത് വരെ തത് സ്ഥിതി തുടരാനും നിര്‍ദേശമുണ്ട്.
സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാവക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടി പിന്‍വലിച്ചില്ലെന്നും മെത്രാന്‍ അനുകൂലികള്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കില്ല. ബാവയുടെ നടപടിയെ ക്‌നാനായ സമുദായം പുച്ഛിച്ചു തള്ളുന്നുവെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പാത്രിയാര്‍ക്കീസ് ബാവയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. 21 ന് അസോസിയേഷന്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് അന്ത്യോക്യാ പാത്രിയാക്കീസ് ബന്ധത്തിന്റെ പതാക അഴിച്ചുമാറ്റി. പകരം ക്‌നാനായ സമുദായ പതാക ഉയര്‍ത്തുകയും ചെയ്തു.
അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം മെത്രാപ്പോലീത്തയെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതിയന്‍ ബാവ സസ്‌പെന്‍ഡ് ചെയ്തത്. ഒരു മെത്രാപ്പോലീത്ത എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നീക്കുകയും സസ്പെന്‍ഷന്‍ കാലയളവില്‍ പൗരോഹിത്യ പ്രവര്‍ത്തനങ്ങളില്‍നിന്നും ചുമതലകളില്‍നിന്നും വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് സഭ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറഞ്ഞത്.
യു.എസ്.എയിലെ ക്‌നാനായ ഇടവകകളില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പാഷന്‍ വീക്ക് ശുശ്രൂഷ നടത്താന്‍ അനുമതി ലഭിച്ചതിലെ ശ്രദ്ധക്കുറവും നിഷ്‌ക്രിയത്വവും സംബന്ധിച്ച് തൃപ്തികരമായി വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ കാത്തോലിക്കമാര്‍ക്ക് സ്വീകരണം നല്‍കിയതിനെക്കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സഭാനിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി മുമ്പ് പാത്രയര്‍ക്കീസ് എടുത്തു കളഞ്ഞിരുന്നു.