പി.ജയരാജൻ വധശ്രമക്കേസ്: ഹർജി ഫയലിൽ സ്വീകരിച്ചു; എല്ലാ പ്രതികൾക്കും നോട്ടീസ്

ന്യൂഡൽഹി : സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജനെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.
പി. ജയരാജൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് സുധാൻ ശുധുലിയ, ജസ്‌റ്റിസ് സഞ്‌ജയ് കുമാർ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നേരത്തേ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ അപ്പീലും പി. ജയരാജന്റെ ഹർജിയും സുപ്രീംകോടതി ഒന്നിച്ച് പരിഗണിക്കും. ആർ.എസ്.എസ് പ്രവർത്തകരുടെ നിഷ്ഠൂരമായ ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ വ്യക്തിയായ ജയരാജൻ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യുകയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് ചൂണ്ടിക്കാണിച്ചു.