തിരുവനന്തപുരം : സംസ്ഥാനത്ത് 2027 ആയാലും ട്രെയിനുകളുടെ വേഗത്തിൽ കാര്യമായ വർധനയുണ്ടാകില്ലെന്ന് വിലയിരുത്തൽ. നിലവിൽ വന്ദേഭാരത് എക്‌സ്‌പ്രസിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരുവിൽ എത്താൻ 8.35 മണിക്കൂർ വേണം. ശരാശരി വേഗം 78–85 കിലോമീറ്റർ. പരമാവധിവേഗം 130 കിലോമീറ്ററാക്കുമെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക് ദക്ഷിണറെയിൽവേ നൽകിയ മറുപടി.
കഴിഞ്ഞവർഷം നവംബറിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്ന പ്രകാരമാണെങ്കിൽ 2027ൽ തിരുവനന്തപുരം–മംഗളൂരു സെക്‌ഷൻ ഈ നേട്ടം കൈവരിക്കണം. ഷൊർണൂർ–കണ്ണൂർ സെക്‌ഷൻ നടപ്പുസാമ്പത്തികവർഷവും കണ്ണൂർ–-മംഗളൂരു, കൊല്ലം–-തിരുവനന്തപുരം സെക്‌ഷനുകൾ 2025–26ലും എറണാകുളം–ആലപ്പുഴ– കായംകുളം–കൊല്ലം, ഷൊർണൂർ–പോത്തന്നൂർ സെക്‌ഷനുകൾ 2026–27ലും 130 കിലോമീറ്ററായി ഉയർത്താനുള്ള പദ്ധതിയാണ് റെയിൽവേയ്ക്കുള്ളത്. എന്നാൽ, ഇതിനായുള്ള നടപടികൾ മന്ദഗതിയിലാണ്.
നിലവിൽ തിരുവനന്തപുരം– കായംകുളം–കോട്ടയം–എറണാകുളംവരെ 110 കിലോമീറ്റർ വേഗം കൈവരിച്ചതായി തിരുവനന്തപുരം ഡിവിഷണൽ ഓഫീസ് അധികൃതർ പറയുന്നു. എറണാകുളം–ഷൊർണൂർ വരെ 80 കിലോ മീറ്ററായി തുടരുകയാണ്. പാലങ്ങളും വൻ വളവുകളും യാർഡുകളുമുള്ള സ്ഥലങ്ങളിൽ കുറഞ്ഞ വേഗത്തിലേ പോകാനാകൂ. പത്ത് കിലോമീറ്റർ ദൂരത്തിൽ പോലും ‘110 കിലോമീറ്റർ വേഗം’ കൈവരിക്കാനാകില്ലെന്ന് ഇതുവഴിയുള്ള ട്രെയിനിലെ ലോക്കോ പൈലറ്റായിരുന്ന പി.എൻ. സോമൻ പറയുന്നു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 600ൽ അധികം വളവുകളുണ്ട്. ഷൊർണൂരിൽനിന്ന് മംഗളൂരുവിലേക്ക് 307 കിലോമീറ്ററിൽ 288 വളവുകൾ. ഏറ്റവും കുറവ് വളവുകളുള്ളത് കാസർകോട് –മംഗളൂരു ഭാഗത്താണ്. –38 എണ്ണം. ഇതിൽ ചെറിയ വളവുകൾ നവീകരിക്കുക മാത്രമാണിപ്പോൾ. 100 കിലോ മീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള സെക്‌ഷനിൽ ഇരട്ട സിഗ്നലിങ് സംവിധാനം സ്ഥാപിക്കണം. ഇതിനാവശ്യമായ തുക എപ്പോൾ വകയിരുത്തുമെന്നും വ്യക്തമല്ല.
ട്രെയിനുകൾ വൈകുന്നത് തുടർക്കഥ
പതിനാല് മണിക്കൂറിലേറെ വൈകിയോടി അവധിക്കാല ട്രെയിൻ. ലോക്‌മാന്യ തിലകിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനാണ് അനിശ്ചിതമായി വൈകിയോടിയത്. നേരത്തെ വീടുപിടിക്കാമെന്ന് കരുതി ബുക്ക് ചെയ്‌തവരും കൗണ്ടർ ടിക്കറ്റ് എടുത്തവരും ഒരുപോലെ കുടുങ്ങി. എട്ട് മണിക്കൂറിലേറെ വൈകിയാണ് കൊച്ചുവേളിയിൽ എത്തിയത്.
വെള്ളിയാഴ്‌ച നേത്രാവതി എക്‌സ്‌പ്രസ്, കോഴിക്കോട് ജനശതാബ്ദി, പരശുറാം എക്‌സ്‌പ്രസ്, ഏറനാട് എക്‌സ്‌പ്രസ് എന്നിവ വൈകിയോടി. ഏറനാട് എക്‌സ്‌പ്രസ് കൊല്ലത്ത് നിന്നാണ് പുറപ്പെട്ടത്. മംഗളൂരുവിൽ നിന്നുള്ള ഏറനാട് എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം ഡിവിഷനിൽ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണമുണ്ട്. ഇതിന് പുറമേയാണ് പകൽ ട്രെയിനുകളും രാത്രികാല ട്രെയിനുകളും ഒരുപോലെ വൈകിയോടുന്നത്.